ബിഹാർ: നിലപാട് തിരുത്തി കമീഷൻ, ആക്ഷേപങ്ങൾ ഇനിയും സമർപ്പിക്കാം
text_fieldsന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) ഭാഗമായി പുറത്തിറക്കിയ കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും അവകാശവാദങ്ങളും സെപ്റ്റംബർ ഒന്നിന് ശേഷവും സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. നാമനിർദേശപത്രികയുടെ അവസാന തീയതിക്ക് മുമ്പ് സമർപ്പിച്ച അത്തരം എല്ലാ അവകാശവാദങ്ങളും എതിർപ്പുകളും പരിഗണിക്കുമെന്ന് കമീഷൻ തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിച്ചു
കരട് വോട്ടർ പട്ടികയിൽനിന്ന് പുറത്തായവർക്ക് അപേക്ഷ നൽകാൻ സെപ്റ്റംബർ ഒന്നുവരെ കമീഷൻ നിശ്ചയിച്ച സമയം രണ്ടാഴ്ച നീട്ടണമെന്ന് ആവശ്യപ്പെട്ട് ആർ.ജെ.ഡി, സി.പി.ഐ (എം.എൽ) പാർട്ടികൾ നൽകിയ ഹരജി തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് കമീഷൻ ഇക്കാര്യം വ്യക്തമാക്കി കുറിപ്പ് നൽകിയത്.
സെപ്റ്റംബർ ഒന്നുവരെ സമർപ്പിച്ച അപേക്ഷകൾ ഉൾപ്പെടുത്തി സെപ്റ്റംബർ 30 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ ഒന്നിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ അന്തിമ പട്ടികയുമായി പിന്നീട് സംയോജിപ്പിക്കും. ഈ പ്രക്രിയ നാമനിർദേശങ്ങളുടെ അവസാന തീയതിവരെ തുടരും. എല്ലാ ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും അന്തിമ പട്ടികയിൽ ചേർക്കുമെന്നും കമീഷൻ കോടതിയെ അറിയിച്ചു.
ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ച്, അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ വ്യക്തികളെയും രാഷ്ട്രീയ പാർട്ടികളെയും സഹായിക്കുന്നതിന് പാരാ ലീഗൽ വളന്റിയർമാരെ നിയമിക്കാൻ ജില്ലാ ലീഗൽ സർവിസസ് അതോറിറ്റികൾക്ക് നിർദേശം നൽകി. എല്ലാ വളണ്ടിയർമാരും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജില്ലാ ജഡ്ജിക്ക് സമർപ്പിക്കണം. വളണ്ടിയർമാരുടെ പേരും ഫോൺ നമ്പറും പരസ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽനിന്ന് 65 ലക്ഷം പേരുകളാണ് കമീഷൻ നീക്കിയത്. ഇതിനെതിരെ നൽകിയ ഹരജിയിൽ കരട് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് ആധാർ കാർഡ് ആവശ്യമായ ഫോമിനൊപ്പം സമർപ്പിക്കാമെന്ന് ആഗസ്റ്റ് 22 ന് കോടതി വ്യക്തമാക്കിയിരുന്നു.
ആധാർ ഉൾപ്പെടുത്താനുള്ള വിധിക്ക് 22,723 അപേക്ഷകൾ മാത്രമാണ് ലഭിച്ചതെന്നും ഇക്കാലയവിൽ പേരുകൾ നീക്കം ചെയ്യുന്നതിനായി 1,34,738 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും കമീഷൻ കോടതിയെ അറിയിച്ചു. മിക്ക രാഷ്ട്രീയ പാർട്ടികളും പേര് നീക്കം ചെയ്യാൻ മാത്രമാണ് അപേക്ഷ നൽകുന്നതെന്നും ഉൾപ്പെടുത്താനല്ലെന്നും കമീഷൻ വ്യക്തമാക്കി. ആധാറും ഉൾപ്പെടുത്തിയത് കമീഷൻ വെബ്സൈറ്റിൽ പറയുന്നില്ലെന്നും നടപടിയിൽ യാതൊരു സുതാര്യതയുമില്ലെന്നും അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. സെപ്റ്റംബർ എട്ടിനുശേഷം വിഷയം വീണ്ടും കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

