‘പ്രധാനമന്ത്രി അടൽബിഹാരി.. സോറി നരേന്ദ്ര മോദി ജീ’; നിതീഷ് കുമാറിന് നാക്കുപിഴ, വിവാദം -VIDEO
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ആരോഗ്യാവസ്ഥയിൽ ആശങ്കകളുയരവേ വീണ്ടും അദ്ദേഹത്തിന് അബദ്ധം പിണയുന്നതിന്‍റെ വിഡിയോ പുറത്ത്. റോഹ്താസ് ജില്ലയിലെ ബിക്രംഗഞ്ചിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പേരാണ് ഇത്തവണ നിതീഷ് കുമാറിന്‍റെ നാക്കുപിഴയിൽ തെറ്റിയത്. നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യാനൊരുങ്ങുമ്പോൾ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് അബദ്ധത്തിൽ പരാമർശിക്കുകയായിരുന്നു.
തന്റെ തെറ്റ് മനസ്സിലാക്കിയ നിതീഷ് കുമാർ ഉടൻ തന്നെ ക്ഷമാപണം നടത്തുകയും, പ്രധാനമന്ത്രിയെ ആദരിക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘പ്രധാനമന്ത്രി അടൽബിഹാരി.. സോറി നരേന്ദ്ര മോദി ജീ’ എന്ന് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
സമാന രീതിയിൽ നിതീഷ് കുമാറിന് മുമ്പും അബദ്ധം പിണഞ്ഞിരുന്നു. ഗാന്ധി അനുസ്മരണ ചടങ്ങിൽ കൈയടിക്കുകയും ദേശീയഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും ചെയ്ത സംഭവങ്ങൾ നേരത്തെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സംഭവിച്ച നാക്കുപിഴ രാഷ്ട്രീയ വിവാദമായേക്കും. പ്രതിപക്ഷ കക്ഷികൾക്ക് ഇത് നിതീഷ് കുമാറിനെ വിമർശിക്കാനും പരിഹസിക്കാനുമുള്ള ഒരു ആയുധമായി മാറിയിട്ടുണ്ട്.
അതേസമയം മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുമായി നിതീഷ് കുമാർ അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്നു. വാജ്‌പേയിയുടെ പിന്തുണയോടെയാണ് താൻ ബിഹാർ മുഖ്യമന്ത്രിയായതെന്ന് നിതീഷ് കുമാർ മുമ്പ് പലപ്പോഴും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. വാജ്‌പേയിയുടെ പേര് അബദ്ധത്തിൽ വന്നത് വെറുമൊരു നാക്കുപിഴയാണോ അതോ മറവിരോഗത്തിന്റെ ലക്ഷണമാണോ എന്ന തരത്തിലുള്ള ചർച്ചയും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

