ബിഹാറിൽ ഭാര്യയെ വെടിവെച്ച് കൊന്ന് ബി.ജെ.പി നേതാവ് ജീവനൊടുക്കി
text_fieldsപാട്ന: ബിഹാറിൽ ഭാര്യയെ വെടിവെച്ച് കൊന്ന് ബി.ജെ.പി നേതാവ് ജീവനൊടുക്കി. മുൻഗർ ജില്ലയിലെ ലാൽ ദർവാസ പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ബി.ജെ.പി ഒ.ബി.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന അരുൺ കുമാർ എന്ന ബഡാ ബാബുവാണ് ഭാര്യയായ 45കാരി പ്രീതികുമാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് നാടൻ തോക്കുകൾ പൊലീസ് കണ്ടെടുത്തു.
കുടുംബപ്രശ്നങ്ങളെച്ചൊല്ലി ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വീടിന്‍റെ രണ്ടാം നിലയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് തവണ വെടിയുതിർക്കുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിയെത്തിയെങ്കിലും ദമ്പതികൾ മുറി പൂട്ടിയിരുന്നുവെന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും കോട്വാലി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ധീരേന്ദ്രകുമാർ പറഞ്ഞു.
തുടർന്ന്, വീട്ടുകാർ ഉടൻ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് വാതിലുകൾ തുറന്നത്. തലക്ക് വെടിയേറ്റ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. എസ്.എച്ച്.ഒ പാണ്ഡെ പറഞ്ഞു. അതേസമയം, കുട്ടികളില്ലാതിരുന്ന ഇരുവരും നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി പിതാവ് കുലേശ്വർ യാദവ് പറഞ്ഞു.
വരാനിരിക്കുന്ന മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ അരുൺ കുമാർ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന പ്രീതി കുമാരി പ്രചാരണത്തിന് വിസമ്മതിച്ചതും ദമ്പതികൾ തമ്മിലുള്ള വഴക്കിന് കാരണമായി. മുൻഗർ മുനിസിപ്പൽ കോർപ്പറേഷനിൽ പ്രീതികുമാരി മേയർ സ്ഥാനാർഥിയാകാൻ സാധ്യതയുണ്ടായിരുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞു.