ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിഹാറിൽ പരസ്പരം ഏറ്റുമുട്ടാൻ ഒരുങ്ങുന്ന സഖ്യങ്ങൾ അനിശ്ചിതത്വത്തിൽ. ഒരു മുന്നണിയിൽ തുടരുേമ്പാൾ തന്നെ, പല കക്ഷികളും പുതിയ സാധ്യതകൾ തേടുകയാണ്.
ഭരണസഖ്യമായ എൻ.ഡി.എയിൽ മുഖ്യമന്ത്രി നിതീഷ്കുമാറിനോട് ഉടക്കിലാണ് രാംവിലാസ് പാസ്വാെൻറ ലോക് ജൻശക്തി പാർട്ടി.
ഇപ്പോൾ പാർട്ടിയെ നയിക്കുന്നത് മകൻ ചിരാഗ് പാസ്വാനാണ്. നിതീഷിെൻറ ജെ.ഡി.യുവിന് പകരം സഖ്യത്തെ ബി.ജെ.പി നയിക്കണമെന്നാണ് ചിരാഗിെൻറ ആവശ്യം. ബി.ജെ.പിയുമായിട്ടല്ലാതെ, എൽ.ജെ.പിയുമായി സഖ്യമില്ലെന്നാണ് ജെ.ഡി.യു തിരിച്ചടിക്കുന്നത്. ഈ ഏറ്റുമുട്ടലിനിടയിൽ ആകെയുള്ള 243ൽ 143 സീറ്റിലും സ്ഥാനാർഥിയെ നിർത്തുമെന്നാണ് എൽ.ജെ.പിയുടെ പ്രഖ്യാപനം. ഇതിൽ പലതും ജെ.ഡി.യു സ്ഥാനാർഥികൾ മത്സരിക്കുന്നതാണ്.
എതിർപാളയത്തിൽനിന്ന് അടുത്തിടെ മാത്രം ഭരണപക്ഷത്തേക്ക് എത്തിയ മുൻമുഖ്യമന്ത്രി ജിതൻറാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്ക് എല്ലാവരും വിട്ടുവീഴ്ച ചെയ്ത് സീറ്റുകൾ വിട്ടുകൊടുക്കേണ്ടത് ഇതിനിടയിലാണ്. ആർ.ജെ.ഡിയും കോൺഗ്രസും ചേർന്ന് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽനിന്ന് ചാടാനൊരുങ്ങിനിൽക്കുകയാണ് ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പി, വികാസ്ശീൽ ഇൻസാൻ പാർട്ടി എന്നിവ.കുശ്വാഹയുടെ പാർട്ടി നേരത്തേ എൻ.ഡി.എ സഖ്യത്തിലായിരുന്നു.
ലാലു പ്രസാദിെൻറ നേതൃത്വം അംഗീകരിക്കുമെങ്കിലും മകൻ തേജസ്വി യാദവിനോട് ഇവർക്ക് വലിയ താൽപര്യമില്ല. എന്നാൽ, പ്രതിപക്ഷത്തിെൻറ മുഖ്യമന്ത്രി സ്ഥാനാർഥി ഇക്കുറി തേജസ്വിയാണ്. രണ്ടു മുന്നണിയിലെയും പ്രശ്നങ്ങൾ അടുത്ത ദിവസം കൂടുതൽ പുറംചാടുമെന്ന് വ്യക്തം.
243 അംഗ ബിഹാർ നിയമസഭയിലേക്ക് ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് എന്നിങ്ങനെ മൂന്നു ഘട്ടമായി വോട്ടെടുപ്പു നടക്കും. ഫലപ്രഖ്യാപനം നവംബർ 10ന്.