ബിഹാറിൽ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായി; നവംബർ ആറിനും 11നും, തീയതികൾ പ്രഖ്യാപിച്ചു
text_fieldsഗ്യാനേഷ് കുമാർ
പട്ന: ബിഹാറിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. നവംബർ ആറ്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.
243 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം തികക്കാൻ വേണ്ടത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബിഹാറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പര്യടനം നടത്തിയിരുന്നു.
എൻ.ഡി.എയും ഇൻഡ്യ സഖ്യവുമാണ് ബിഹാറിൽ ഏറ്റുമുട്ടുന്നത്. ബി.ജെ.പി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻ.ഡി.എ സഖ്യത്തിലുള്ളത്. ആർ.ജെ.ഡി നയിക്കുന്ന ഇൻഡ്യ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബി.ജെ.പി (80), ജെ.ഡി.യു (45), ആർ.ജെ.ഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബി.ജെ.പിയുടെ പിന്തുണയോടെ ജെ.ഡി.യു സഖ്യമാണ് ഇപ്പോൾ ബിഹാർ ഭരിക്കുന്നത്. അധികാരം നിലനിർത്തുകയാണ് എൻ.ഡി.എ സഖ്യത്തിന്റെ ലക്ഷ്യം. ഒമ്പതു തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായത്. എന്നാൽ ഒരു ടേമിലും കാലാവധി തികച്ചില്ല.
തേജസ്വി യാദവ് നയിക്കുന്ന ആർ.ജെ.ഡിയും കോൺഗ്രസുമാണ് പ്രധാനമായും ഇൻഡ്യസഖ്യത്തിലുള്ളത്. നിതീഷ് കുമാറിൽ നിന്ന് അധികാരം തിരിച്ചുപിടിക്കുകയാണ് ഇൻഡ്യ സഖ്യത്തിന്റെ ലക്ഷ്യം. ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രചാരണത്തിന് എത്തിയിരുന്നു.
7.43 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. അതിൽ 3.92 കോടി വോട്ടർമാർ പുരുഷൻമാരാണ്. 3.50 കോടി വോട്ടർമാർ സ്ത്രീകളും. വോട്ടെടുപ്പിനായി 90,712 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷക്കായി കേന്ദ്രസേനയെ അടക്കം വിന്യസിക്കും. എല്ലാ ബൂത്തുകളിൽ നിന്നും വെബ്കാസ്റ്റിങ് ആരംഭിക്കും.
മാസങ്ങൾക്ക് മുമ്പാണ് ഗ്യാനേഷ് കുമാർ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കപ്പെട്ടത്.
2020ലെ തിരഞ്ഞെടുപ്പ് മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഒക്ടോബർ 28ന് ആദ്യഘട്ടം. പിന്നീട് നവംബർ മൂന്നിനും നവംബർ ഏഴിനുമായി അടുത്ത ഘട്ടങ്ങളും. നവംബർ 10ന് ഫലം പ്രഖ്യാപിച്ചു. 2015ലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്.
ബിഹാറിൽ അന്തിമ വോട്ടർ പട്ടിക തിരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ കരട് വോട്ടർ പട്ടികയിന്മേലുള്ള പരാതികൾ പരിശോധിച്ച ശേഷമാണ് അന്തിമ വോട്ടർ പട്ടിക തയാറാക്കിയത്. വോട്ടർ പട്ടിക കേസിൽ സുപ്രീം കോടതിയിൽ അന്തിമ വാദം കേൾക്കൽ ഒക്ടോബർ ഏഴിനു നടക്കും. തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിന് ശേഷം വോട്ടർമാരെ കൂട്ടമായി ഒഴിവാക്കിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

