ന്യൂഡൽഹി: ബിഹാറിൽ മൂന്നാം ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ. ഒന്നാം ഘട്ടത്തിൽ ഒക്ടോബർ 28ന് 71 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. നവംബർ മൂന്നിന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 94 മണ്ഡലങ്ങളിലാവും വോട്ടെടുപ്പ്. നവംബറിന് ഏഴിന് നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ 78 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോവുക. നവംബർ 10ന് വോട്ടെണ്ണും.
പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പറഞ്ഞു. കോവിഡ് രോഗലക്ഷണമുള്ളവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം നൽകും. പോളിങ് സമയം ഒരുമണിക്കൂർ നീട്ടും. നാമനിർദേശ പത്രിക സമർപ്പിക്കൽ പരമാവധി ഓൺലൈനായി നടത്തും.
വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർക്ക് മാത്രമായിരിക്കും അനുമതി. വാഹനപ്രചാരണത്തിന് പരമാവധി രണ്ട് വാഹനങ്ങൾ മാത്രമായിരിക്കും അനുവദിക്കുകയെന്നും തെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി. ഒരു ബൂത്തിൽ പരമാവധി ആയിരം പേർ മാത്രമായിരിക്കും ഉണ്ടാവുക. നേരത്തെ ഇത് ആയിരത്തി അഞ്ഞൂറായിരുന്നു.
തെരഞ്ഞെടുപ്പിനായി ഏഴ് ലക്ഷം ഹാൻഡ് സാനിറ്റൈസറുകളും 46 ലക്ഷം മാസ്കുകളും 6 ലക്ഷം പി.പി.ഇ കിറ്റുകളും 6.7 ലക്ഷം മുഖാവരണങ്ങളും 23 ലക്ഷം ഗ്ലൗസുകളും ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. വോട്ടർമാർക്കായി പുനരുപയോഗിക്കാൻ കഴിയാത്ത 7.2 കോടി ഗ്ലൗസുകളും ഒരുക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറ പറഞ്ഞു.
Latest Video: