ബിഹാറിൽ കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ എൻ.ഡി.എയിലേക്ക്? നിതീഷ് കുമാറുമായി ചർച്ച നടത്തി
text_fieldsപട്‌ന: ബിഹാറിൽ കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ എൻ.ഡി.എയിലേക്കെന്ന് സൂചന. സംസ്ഥാനത്ത് പാർട്ടിക്ക് ആറ് എം.എൽ.എമാരാണുള്ളത്. ആറുപേരും മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. മകര സംക്രാന്തിയോടനുബന്ധിച്ച് കഴിഞ്ഞദിവസം പട്‌നയിലെ സദഖത്ത് ആശ്രമത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച ദഹി-ചുര വിരുന്നിൽനിന്ന് പാർട്ടി എം.എൽ.എമാർ വിട്ടുനിന്നതോടെ തന്നെ അഭ്യൂഹം ശക്തമായിരുന്നു.
രണ്ടാഴ്ചയായി പാർട്ടി എം.എൽ.എമാർ കോൺഗ്രസിന്‍റെ ഔദ്യോഗിക പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. സംസ്ഥാനത്ത് ആർ.ജെ.ഡി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിലെ പ്രധാന കക്ഷിയാണ് കോൺഗ്രസ്. ആറ് എം.എൽ.എമാരും എൻ.ഡി.എയിലേക്ക് കൂടുമാറിയാൽ സംസ്ഥാനത്തെ 243 അംഗ നിയമസഭയിൽ കോൺഗ്രസ് പൂജ്യമാകും. കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായ സമര പരിപാടികളുടെ ഭാഗമായി സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് രാജേഷ് റാം വിളിച്ചുചേർത്ത യോഗത്തിലും എം.എൽ.എമാർ വിട്ടുനിന്നിരുന്നു.
മാസങ്ങൾക്കു മുമ്പ് നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയമാണ് നേരിട്ടത്. വോട്ട് ചോരി വെളിപ്പെടുത്തലുകളും എസ്.ഐ.ആറിന് എതിരായ പ്രതിഷേധങ്ങളും നേട്ടമാകുമെന്ന കരുതിയ കോൺഗ്രസിന് ആറ് സീറ്റിൽ മാത്രമാണ് ജയിക്കാനായത്. 202 സീറ്റുകൾ നേടിയാണ് എൻ.ഡി.എ സഖ്യം അധികാരത്തിലെത്തിയത്. 89 സീറ്റുകളുമായി ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായി. ജെ.ഡി.യുവിന് 85 സീറ്റുകളാണ് ലഭിച്ചത്. ഇൻഡ്യ സഖ്യം 35 സീറ്റുകളിലൊതുങ്ങി. ഇതിൽ 25 സീറ്റും ആർ.ജെ.ഡിക്കാണ്. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് മനിഹാരി (മനോഹർ പ്രസാദ് സിങ്), വാൽമീകി നഗർ (സുരേന്ദ്ര പ്രസാദ്), ചൻപാട്ടിയ (അഭിഷേക് രഞ്ജൻ), അരാരിയ (അബിദുർ റഹ്മാൻ), കിഷൻഗഞ്ജ് (കമറുൽ ഹോഡ), ഫോബ്സ്ഗഞ്ജ് (മനോജ് ബിസ്വാൻ) എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് ജയിക്കാനായത്.
കോൺഗ്രസ് എം.എൽ.എമാർ ജെ.ഡി.യുവിലേക്ക് പോകുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയാകും ജെ.ഡി.യു. അതേസമയം, എൻ.ഡി.എ സഖ്യത്തിലെ തന്നെ ഉപേന്ദ്ര കുഷ്വായുടെ രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) യുടെ മൂന്നു എം.എൽ.എമാരെ പാർട്ടിയിലെത്തിക്കാനുള്ള നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്. പാർട്ടിയുടെ നാലു എം.എൽ.എമാരിൽ മൂന്നുപേരുമായി ബി.ജെ.പി നേതൃത്വം ചർച്ച നടത്തി. എൻ.ഡി.എക്കുള്ളിൽ ഒന്നാമന് വേണ്ടിയുള്ള അധികാര വടംവലി മൂർച്ഛിക്കുന്നതിന്‍റെ വിവരം കൂടിയാണ് ഇതോടെ പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

