രാജ്യം നടുങ്ങിയ ആകാശ ദുരന്തങ്ങൾ
text_fields കരിപ്പൂർ
2020 ആഗസ്റ്റ് 7: ലോക്ഡൗൺ കാലത്ത് വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി യാത്രക്കാരെ തിരികെ കൊണ്ടുവന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 1344, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയിൽ ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി കുന്നിൻ ചരിവിലേക്ക് മറിഞ്ഞു. 190 യാത്രക്കാരിൽ 21 പേർ മരിക്കുകയും 110 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൈലറ്റിന്റെ പിഴവും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായത്.
മംഗളൂരു
2010 മേയ് 22- ദുബൈയിൽ നിന്നും മംഗളൂരുവിലേക്ക് വരുകയായിരുന്ന എയർ ഇന്ത്യ വിമാനം 812, മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, ഒരു കുന്നിൻ ചരിവിലൂടെ താഴേക്ക് വീഴുകയും തീപിടിക്കുകയും ചെയ്തു. 166 യാത്രക്കാരിൽ 158 പേർ കൊല്ലപ്പെട്ടു. സമീപകാലത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ആകാശ ദുരന്തമായിരുന്നു ഇത്. പൈലറ്റിന്റെ പിഴവ് മൂലമാണ് ഈ തകർച്ച സംഭവിച്ചത്. മൂന്നുതവണ കോ പൈലറ്റ് നൽകിയ മുന്നറിയിപ്പ് വകവെക്കാതെ ടേബ്ൾ ടോപ് റൺവേയിൽ പൈലറ്റ് നടത്തിയ ലാൻഡിങ്ങായിരുന്നു അപകട കാരണം.
പട്ന
2000 ജൂലൈ 17 -ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അലയൻസ് എയർ ഫ്ലൈറ്റ് 7412 ബിഹാറിലെ പട്നയിലെ ജനവാസ മേഖലയിൽ തകർന്നുവീണു. അറുപത് പേർ മരിച്ചു.
ചാർഖി ദാദ്രി
1996 നവംബർ 12- ഡൽഹിയിൽ നിന്നും ദഹ്റാനിലേക്ക് പോവുകയായിരുന്ന സൗദിയ വിമാനം 763 ഉം കസാഖ്സ്താൻ വിമാനവും ഹരിയാനയിലെ ചാർഖി ദാദ്രിക്ക് സമീപം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിമാനങ്ങളിലായുണ്ടായിരുന്ന 349 പേർക്കും ജീവൻ നഷ്ടമായി. കസാഖ്സ്താൻ വിമാനത്തിലെ പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വാർത്താവിനിമയ തകരാറായിരുന്നു ദുരന്തകാരണം.
ഔറംഗാബാദ്
1993 മേയ് 22- ഔറംഗാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഇന്ത്യൻ എയർലൈൻസ് വിമാനം 491 തകർന്നുവീണു. 55 പേർ മരിച്ചു. പൈലറ്റിന്റെ പിഴവും ടേക്ക് ഓഫിനിടെ ശരിയായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതുമായിരുന്നു അപകട കാരണം.
ബംഗളൂരു
1990 ഫെബ്രുവരി 14 - ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 605 ഗോൾഫ് കളിസ്ഥലത്ത് ഇടിച്ചുകയറിയുണ്ടായ അപകടം. വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 92 പേർ മരിച്ചു. പൈലറ്റുമാർ തെറ്റായ ഫ്ലൈറ്റ് മോഡ് തിരഞ്ഞെടുത്തതാണ് അപകടത്തിന് കാരണമായത്. ഈ അപകടം കോക്ക്പിറ്റ് നടപടിക്രമങ്ങളിലും പരിശീലനത്തിലും കാര്യമായ മാറ്റങ്ങൾക്ക് കാരണമായി.
അഹ്മദാബാദ്
1988 ഒക്ടോബർ 19 - മുംബൈയിൽ നിന്നും അഹ്മദാബാദിലേക്ക് വരുന്ന ഇന്ത്യൻ എയർലൈൻസ് 113 വിമാനം ലാൻഡിങ്ങിന് തൊട്ടു മുമ്പ് തകർന്നുവീണുണ്ടായ അപകടം. വിമാനത്തിലുണ്ടായിരുന്ന 135 പേരിൽ 133 പേർ മരിച്ചു. മോശം കാലാവസ്ഥയിൽ പൈലറ്റിന്റെ കാഴ്ചാ പരിധി കുറഞ്ഞതും എയർ ട്രാഫിക് കൺട്രോളിന്റെ പിഴവുകളും മൂലമുണ്ടായ അപകടം. മരങ്ങളിലും ഹൈടെൻഷൻ വൈദ്യുതി ലൈനിലും ഇടിച്ച വിമാനം റൺവേയിൽനിന്ന് ഏകദേശം മൂന്നു കിലോമീറ്റർ അകലെയുള്ള വയലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മുംബൈ
1978 ജനുവരി 1- പൈലറ്റിന്റെ ദിശ തെറ്റിയതിനെ തുടർന്ന് എയർ ഇന്ത്യ ഫ്ലൈറ്റ് 855 മുംബൈ തീരത്ത് അറബിക്കടലിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 213 പേരും മരിച്ചു.
ഡൽഹി
1973 മേയ് 31 - ഇന്ത്യൻ എയർലൈൻസ് വിമാനം 440 മോശം കാലാവസ്ഥയെ തുടർന്ന് റൺവേക്ക് തൊട്ടുമുമ്പുള്ള ഹൈടെൻഷൻ വയറുകളിൽ ഇടിച്ചു. വിമാനത്തിലുണ്ടായിരുന്ന 65 പേരിൽ 48 പേർ മരിച്ചു. മരിച്ചവരിൽ രാഷ്ട്രീയ നേതാവ് മോഹൻ കുമാരമംഗലവും ഉൾപ്പെടുന്നു.
വിമാനാപകടങ്ങൾ ഈ വർഷം ഇതുവരെ
1. ജനുവരി 29: അമേരിക്കൻ യാത്രാ വിമാനവും സൈനിക ഹെലികോപ്ടറും കൂട്ടിയിടിച്ച ശേഷം പൊട്ടാമാക് നദിയിൽ വീണുണ്ടായ അപകടത്തിൽ 67 പേർ മരിച്ചു
2 ഫെബ്രുവരി 26: ഓംദുർമാൻ നഗരത്തിൽ സുഡാനീസ് സൈനിക വിമാനം തകർന്നുവീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 46 പേർ മരിച്ചു. വാദി സയ്യിദ്ന വ്യോമതാവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയായിരുന്നു അപകടം.
3 ഏപ്രിൽ 27: യു.എസിലെ ടെന്നസിയിലുണ്ടായ വിമാന അപകടം. സ്പാർട്ട വിമാനത്താവളത്തിനടുത്ത് ചെറുവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു.
4 മേയ് 5: കാലിഫോർണിയയിലെ സിമി വാലിയിൽ ജനവാസ കേന്ദ്രത്തിലേക്ക് ചെറു വിമാനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ടുപേരും ഒരു നായും കൊല്ലപ്പെട്ടു. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
5 മേയ് 7: പഞ്ചാബിലെ ബതിൻഡയിൽ അകാലി ഖുർദ് ഗ്രാമത്തിന് സമീപം വിമാനം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ഒമ്പതുപേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഭിസിയാന വ്യോമസേനാ കേന്ദ്രത്തിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള വയലുകളിലാണ് അപകടം നടന്നത്.
6 മേയ് 8: ഡറാഡൂണിൽ നിന്ന് ഗംഗോത്രി ധാമിലേക്ക് പോവുകയായിരുന്ന ഹെലികോപ്ടർ ഉത്തരകാശിയിലെ ഗംഗോത്രി ദേശീയപാതയിൽ തകർന്നുവീണ് ആറുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പൈലറ്റ് ഉൾപ്പെടെ ഏഴുപേർ വിമാനത്തിലുണ്ടായിരുന്നു.
7 മേയ് 17: ഫിൻലൻഡിൽ ടാലിനിൽ നിന്ന് കൊക്കെമാക്കിയിലെ പികാജാർവി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ രണ്ട് ഹെലികോപ്ടറുകൾ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു.
8 മേയ് 22: കാലിഫോർണിയയിലെ സാൻ ഡീഗോയിൽ ചെറുവിമാനം തകർന്നുവീണ് നിരവധി പേർ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും കത്തിനശിച്ചു.
9 മേയ് 29: ദക്ഷിണ കൊറിയൻ നാവികസേനയുടെ പട്രോളിങ് വിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണ് രണ്ടുപേർ മരിച്ചു. അപകട കാരണം വ്യക്തമല്ല.
10 ജൂൺ 1: പടിഞ്ഞാറൻ ജർമനിയിൽ ചെറു യാത്രാ വിമാനം കെട്ടിടത്തിന്റെ ടെറസിൽ ഇടിച്ചുകയറി രണ്ടുപേർ മരിച്ചു.
11 ജൂൺ 9: സാൻ ഡീഗോക്കുസമീപം ആറ് പേരുമായി യാത്ര ചെയ്ത ചെറുവിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ സമുദ്രത്തിൽ തകർന്നുവീണു.
12 ജൂൺ 9: നാഷ്വില്ലിൽ നിന്ന് ഏകദേശം 60 മൈൽ തെക്ക് ടെന്നസിയിലെ കോഫി കൗണ്ടിയിൽ 20 പേരുമായി സഞ്ചരിച്ച ഒരു സ്കൈഡൈവിങ് വിമാനം തകർന്നുവീണു.
13 ജൂൺ 12: തായ്ലൻഡിലെ പ്രശസ്തമായ ബീച്ച് ടൗണിന് സമീപം ചെറു പൊലീസ് വിമാനം പരീക്ഷണ പറക്കലിനിടെ കടലിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

