പാർലമെന്‍റ് സമിതിയെ ധിക്കരിച്ച് ബിധുരി
text_fieldsന്യൂഡൽഹി: ബി.എസ്.പി അംഗം ഡാനിഷ് അലിയെ ലോക്സഭക്കുള്ളിൽ അധിക്ഷേപിച്ച സംഭവത്തിൽ പാർലമെന്‍റ് സമിതിയെ ധിക്കരിച്ച് ബി.ജെ.പി എം.പി രമേശ് ബിധുരി. സംഭവത്തിൽ വിശദീകരണം നൽകാൻ ചൊവ്വാഴ്ച ഹാജരാകണമെന്ന അവകാശലംഘന സമിതിയുടെ നിർദേശം ബിധുരി മാനിച്ചില്ല. മറ്റു തിരക്കുകൾ ഉണ്ടെന്ന വാദവുമായി സഭാസമിതി യോഗത്തിന് ബിധുരി എത്തിയില്ല.
നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രാജസ്ഥാനിലെ ടോങ്ക് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല ലോക്സഭയിലെ അധിക്ഷേപസംഭവം വകവെക്കാതെതന്നെ ബി.ജെ.പി ബിധുരിക്കാണ് നൽകിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട തിരക്കുകളുടെ പേരിലാണ് ബിധുരി സഭാസമിതി മുമ്പാകെ എത്താതിരുന്നത്. എന്നാൽ, ഏതെങ്കിലും പാർട്ടി ചുമതലകളുടെ പേരിൽ സഭാസമിതി നിർദേശം അവഗണിക്കാൻ പാടില്ലാത്തതാണ്.
ഡാനിഷ് അലിയെ അധിക്ഷേപിച്ച സംഭവത്തിൽ നിരവധി പ്രതിപക്ഷ എം.പിമാരാണ് ബിധുരിക്കെതിരെ സ്പീക്കർക്ക് പരാതി നൽകിയത്. ഇത് അവകാശലംഘന സമിതിക്ക് വിടുകയാണ് സ്പീക്കർ ഓം ബിർല ചെയ്തത്. അതനുസരിച്ചാണ് സമിതി ബിധുരിയെ വിളിച്ചത്. രാജസ്ഥാൻ സ്വദേശിയായ രമേശ് ബിധുരി, രാജസ്ഥാനിൽ വ്യക്തമായ സ്വാധീനമുള്ള ഗുജ്ജർ വിഭാഗക്കാരനാണ്. നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ ബിധുരിയെ സംരക്ഷിച്ച് ഗുജ്ജർ അപ്രിയം ഒഴിവാക്കാനുള്ള ശ്രമത്തിൽ കൂടിയാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

