സി.ബി.ഐ ഡയറക്ടറെ നിശ്ചയിക്കാൻ ഒത്തുകളി? നടപടിക്രമം പക്ഷപാതപരമെന്ന് രാഹുൽ ഗാന്ധി
text_fieldsസി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പക്ഷപാതപരമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടനാപരമായ തന്റെ പദവിയെ വെറുമൊരു ‘റബ്ബർ സ്റ്റാമ്പ്’ മാത്രമായി ചുരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.
വിയോജനക്കുറിപ്പിന്റെ പകർപ്പ് എക്സിലൂടെ പങ്കുവെച്ച രാഹുൽ ഗാന്ധി, "പക്ഷപാതപരമായ ഒരു പ്രക്രിയയിൽ പങ്കുചേർന്ന് എന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് ഒഴിഞ്ഞുമാറാൻ എനിക്ക് കഴിയില്ല" എന്ന് കുറിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരിഗണന പട്ടികയിലുള്ളവരുടെ രേഖകൾ നൽകിയില്ലെന്നും ഇന്ന് ചേർന്ന യോഗത്തിലാണ് ചില വിവരങ്ങൾ മാത്രം നൽകിയതെന്നും രാഹുൽ വ്യക്തമാക്കി.
നിലവിലെ സി.ബി.ഐ ഡയറക്ടർ പ്രവീൺ സൂദിന്റെ കാലാവധി മെയ് 24ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, രാഹുൽ ഗാന്ധി എന്നിവരുടെ യോഗം ചേർന്നത്. എന്നാൽ യോഗത്തിന് മുന്നോടിയായി ചുരുക്കപ്പട്ടികയിലുള്ള ഉദ്യോഗസ്ഥരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ തനിക്ക് നൽകിയില്ലെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ പിടിച്ചെടുക്കുന്നത് തടയാനാണ് സെലക്ഷൻ കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തന്നെ നോക്കുകുത്തിയാക്കി സർക്കാർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസിയായ സി.ബി.ഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തു. പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സി.ബി.ഐയെ ഉപയോഗിച്ച് ലക്ഷ്യംവെക്കുകയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
പ്രധാനമന്ത്രിയുടെ വസതിയിൽ ഒരു മണിക്കൂറോളം നീണ്ട യോഗം ഔദ്യോഗിക ഫലപ്രഖ്യാപനമില്ലാതെയാണ് അവസാനിച്ചത്. എങ്കിലും പുതിയ സി.ബി.ഐ മേധാവിയുടെ പേര് ഉടൻ പുറത്തുവിടുമെന്നാണ് സൂചന. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥരായ പരാഗ് ജെയിൻ, ശത്രുജീത് കപൂർ, യോഗേഷ് ഗുപ്ത, ജി.പി സിങ്, പ്രവീർ രഞ്ജൻ എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളതെന്നാണ് വിവരം. രാഷ്ട്രീയപരമായി അതീവ പ്രാധാന്യമുള്ള നിരവധി കേസുകൾ സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ നിയമനം രാജ്യം ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

