ഭൂട്ടാൻ കാർ കടത്ത്: നടൻ അമിത് ചക്കാലക്കലിന് ഇ.ഡി നോട്ടീസ്
text_fieldsകൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം വ്യാപകമാക്കുന്നു. ഇതിന്‍റെ ഭാഗമായി നടൻ അമിത് ചക്കാലക്കൽ അടക്കമുള്ളവർക്ക് നോട്ടീസ് നൽകി. നടൻ ദുൽഖർ സൽമാനെയും നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് അറിയുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ ഇ.ഡി പരിശോധിച്ചിരുന്നു.
കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായാണ് ഇപ്പോൾ ഇ.ഡിയുടെ അന്വേഷണം. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ച് കാർ കള്ളക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്.
വാഹന കടത്തിൽ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട്) നിയമത്തിന്‍റെ മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനം കണ്ടെത്തിയതായി നേരത്തെ ഇ.ഡി അധികൃതർ അറിയിച്ചിരുന്നു. ഭൂട്ടാനിൽനിന്ന് സൈന്യം ഉപേക്ഷിച്ച 200ഓളം ആഡംബര വാഹനങ്ങൾ കേരളമടക്കം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്ന വിവരത്തെത്തുടർന്നാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ‘ഓപറേഷൻ നുംഖോർ’ എന്ന പേരിൽ വ്യാപക പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

