എൻ.സി.പി മഹാരാഷ്ട്ര അധ്യക്ഷപദവി: അജിത് പവാറിനെ തള്ളി ഭുജ്ബൽ
text_fieldsമുംബൈ: എൻ.സി.പി മഹാരാഷ്ട്ര അധ്യക്ഷനാകാൻ ആഗ്രഹം പ്രകടിപ്പിച്ച അജിത് പവാറിനെ തള്ളി ഛഗൻ ഭുജ്ബൽ. പ്രതിപക്ഷ നേതാവ് മറാത്തിയെങ്കിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഒ.ബി.സി നേതാവാകണമെന്നാണ് ഛഗൻ ഭുജ്ബൽ പറഞ്ഞത്.
പ്രതിപക്ഷ നേതാവിന്റെ പദവിയിൽനിന്ന് മാറ്റി പാർട്ടി ചുമതല നൽകണമെന്ന് അജിത് പവാർ ഈയിടെ പാർട്ടി പരിപാടിയിൽ പരസ്യമായി പറഞ്ഞിരുന്നു. മകൾ സുപ്രിയ സുലെയെ പാർട്ടി വർക്കിങ് പ്രസിഡന്റായി ശരദ് പവാർ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അജിത്തിന്റെ പ്രസ്താവന. പാർട്ടിയുടെ മഹാരാഷ്ട്ര അധ്യക്ഷപദവിയാണ് അജിത്തിന്റെ ലക്ഷ്യം.
ഈ സാഹചര്യത്തിലാണ് ഭുജ്ബലിന്റെ ഒ.ബി.സി കാർഡ്. ഭുജ്ബലിന്റെ നീക്കത്തിനു പിന്നിൽ പവാറിന്റെ ബുദ്ധിയാണെന്ന് പലരും സംശയിക്കുന്നു. സംസ്ഥാനത്തെ പ്രബലനായ ഒ.ബി.സി നേതാവാണ് ഭുജ്ബൽ.
തന്നെയോ ജിതേന്ദ്ര ആവാദ്, ധനഞ്ജയ് മുണ്ടെ, സുനിൽ തത്കരെ തുടങ്ങിയ മറ്റ് ഒ.ബി.സി നേതാക്കളിൽ ആരെയെങ്കിലുമോ അധ്യക്ഷനാക്കണമെന്നാണ് ഭുജ്ബലിന്റെ ആവശ്യം.
നിലവിൽ പവാറിന്റെ വിശ്വസ്തൻ ജയന്ത് പാട്ടീലാണ് സംസ്ഥാന അധ്യക്ഷൻ. മറാത്ത വിഭാഗക്കാരനാണ് അദ്ദേഹം.
പദവിയിൽ അഞ്ചുവർഷം പൂർത്തിയാക്കി. മറ്റ് പാർട്ടികളുടെ സംസ്ഥാന അധ്യക്ഷന്മാരായ ചന്ദ്രകാന്ത് ബവങ്കുലെ (ബി.ജെ.പി), നാന പടോലെ (കോൺഗ്രസ്) എന്നിവർ ഒ.ബി.സി നേതാക്കളാണെന്നും ഭുജ്ബൽ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

