Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകല്ലേറുകളേറ്റുവാങ്ങി...

കല്ലേറുകളേറ്റുവാങ്ങി അഞ്ചുപേരുടെ അന്ത്യയാത്ര

text_fields
bookmark_border
കല്ലേറുകളേറ്റുവാങ്ങി അഞ്ചുപേരുടെ അന്ത്യയാത്ര
cancel

ഭോപാലിൽ കൊല്ലപ്പെട്ടതിെൻറ രണ്ടാം നാൾ രാത്രി ശൈഖ് മഹ്ബൂബിെൻറ മയ്യിത്ത് ഖണ്ഡ്വയിലെ ഖബറിലേക്കിറക്കുംവരെ മാതാവ് നജ്മ ബീവിക്ക്  മകനെ അവസാനമായൊന്ന് കാണാൻ കഴിഞ്ഞില്ല. സിമിക്കുവേണ്ടി പൊലീസുമായേറ്റുമുട്ടിയ തീവ്രവാദിയായി ഒഡിഷയിലെ റൂർകേല ജയിലിൽ കഴിയുകയാണവർ.
ഭീകരവിരുദ്ധ സ്​ക്വാഡിെൻറ ഭാഷ്യമനുസരിച്ച് തീവ്രവാദിയായ ശൈഖ് മഹ്ബൂബിനൊപ്പം പൊലീസിനോട് ഏറ്റുമുട്ടിയ തീവ്രവാദി സംഘത്തിൽപെട്ട അഞ്ചുപേരിലൊരാളാണ് നജ്മ ബീവി. റൂർകേലയിൽ നേർക്കുനേർ നടത്തിയ വെടിവെപ്പിനൊടുവിൽ മഹ്ബൂബിനെയും നജ്മ ബീവിയെയും മറ്റു മൂന്നുപേരെയും പൊലീസ്​ കീഴ്പ്പെടുത്തുകയായിരുന്നു.

എന്നാൽ, 2013ൽ ഖണ്ഡ്വ ജയിലിലെ കുളിമുറിയുടെ ചുമർ തുരന്ന് മറ്റൊരു ക്രിമിനൽ കേസിലെ രണ്ടു പ്രതികൾക്കൊപ്പം രക്ഷപ്പെട്ട് ഒഡിഷയിലെത്തി അവിടെ വിവിധ ജോലികൾ ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നു ശൈഖ് മഹ്ബൂബും സാകിർ ഹുസൈനും അംജദ് ഖാനും. കഴിഞ്ഞ ഫെബ്രുവരിയിൽ മഹ്ബൂബിന് അസുഖം ബാധിച്ചപ്പോൾ ശുശ്രൂഷിക്കാൻ ചെന്നതായിരുന്നു നജ്മ ബീവി.

അതിനിടയിൽ പിടിച്ചുകൊണ്ടുപോയിഏറ്റുമുട്ടൽ കഥയുണ്ടാക്കി നജ്മ ബീവിയെയും സിമി തീവ്രവാദിയാക്കി ജയിലിലടക്കുകയായിരുന്നു. എട്ടു സംസ്​ഥാനങ്ങളിലെ കേസുകളിൽ പ്രതിചേർത്ത മഹ്ബൂബ് അടക്കമുള്ളവരെ ഭോപാലിലേക്ക് കൊണ്ടുവന്നതോടെ മാതാവ് മാത്രം ഒഡിഷ ജയിലിൽ അവശേഷിച്ചു. ഇവരുടെ വീട്ടിൽ 80 വയസ്സുള്ള പിതാമഹനല്ലാതെ മറ്റാരുമില്ല. പേരമകൻ കൊല്ലപ്പെട്ടപ്പോൾ മയ്യിത്ത് ഏറ്റുവാങ്ങി ഖബറടക്കാനുള്ള നിയോഗം ഈ വയോധികനായിരുന്നു.

ക്രിസ്​ത്യൻ, സിഖ് യുവാക്കളെപ്പോലെ നിരപരാധികളായ സ്​ത്രീകളെയും സിമി തീവ്രവാദികളാക്കി ജയിലിലടച്ചതിെൻറ ഒരു ഉദാഹരണമല്ല നജ്മ ബീവി. ഖലൗൽ ചൗഹാെൻറ അടുത്ത ബന്ധുക്കളായ ആസ്യയും റഫീഅയും മധ്യപ്രദേശ് ഭീകരവിരുദ്ധ സ്​ക്വാഡ് സിമി തീവ്രവാദികളായി അറസ്​റ്റ് ചെയ്തവരാണ്. സിമി തീവ്രവാദികളായി പ്രഖ്യാപിച്ച് പിടികൂടുന്നവരെ കേസിലും മറ്റും സഹായിക്കുന്നവർക്കൊക്കെയുള്ള മുന്നറിയിപ്പുകളാണ് ഈ അറസ്​റ്റുകൾ. ഇത്തരം ഭീഷണികളുമായി നിരന്തരം വീട്ടിലെത്തുന്ന പൊലീസ്​ വീട്ടുകാരുടെ മനോബലം തകർക്കാൻ പ്രധാനമായും ലക്ഷ്യമിടുന്നതും സ്​ത്രീകളെയാണ്.

ഭോപാൽ കൂട്ടക്കൊല നടക്കുന്നതിന് മണിക്കൂറുകൾക്കുമുമ്പ് കൊല്ലപ്പെട്ട സാകിറിെൻറ വീട്ടിലെത്തിയ പൊലീസ്​ ചെയ്തതും മറ്റൊന്നായിരുന്നില്ല. മാതാവ് സൽമയെ കണ്ട മധ്യപ്രദേശ് പൊലീസിലെ രാം സിങ് പട്ടേൽ സാകിറിനെക്കുറിച്ച് പുതിയ വിവരം വല്ലതുമുണ്ടോ എന്നന്വേഷിച്ചു. നിങ്ങൾ പിടിച്ചുകൊണ്ടുപോയി ഭോപാൽ ജയിലിൽ പാർപ്പിച്ച മകെൻറ കാര്യം രാവിലെതന്നെ വന്ന് തന്നോടാണോ ചോദിക്കുന്നതെന്ന് കാര്യങ്ങളൊന്നുമറിയാതെ സൽമ ചോദിച്ചു.

ഖണ്ഡ്വ പൊലീസ്​ സ്​റ്റേഷൻ ചുമതലയുള്ള ഓഫിസറുടെ സാന്നിധ്യത്തിൽ ആ മാതാവിെൻറ കരണത്തൊരടി വെച്ചുകൊടുക്കുകയാണ് രാം സിങ് പട്ടേൽ ചെയ്തത്. ഇത്തരം മാനസികപീഡനങ്ങളാൽ സിമി കേസിൽ കുടുങ്ങി ജയിലിലായാൽപിന്നെ അതുവരെ അടുത്തിടപഴകിയ ബന്ധുക്കളും നാട്ടുകാരുമെല്ലാം  അകലംപാലിക്കുന്ന സാഹചര്യമാണ് ഖണ്ഡ്വയിൽ.

സാമൂഹികമായ ഈ ഒറ്റപ്പെടലിെൻറ മൂർധന്യത്തിലായിരുന്നു കൊല്ലപ്പെട്ട അഞ്ചു പേരുടെ മൃതദേഹങ്ങളുമായി ഖണ്ഡ്വ ഖബർസ്​ഥാനിലേക്കുള്ള വിലാപയാത്ര. കൊല്ലപ്പെട്ടത് ഭീകരരാണെന്ന് മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രസ്​താവനകൾക്കിടയിലാണ് പോസ്​റ്റ്മോർട്ടം കഴിഞ്ഞ അഞ്ച് മൃതദേഹങ്ങൾ ബന്ധുക്കൾ ഖണ്ഡ്വയിലെത്തിക്കുന്നത്. പകലെത്തിയാലുണ്ടാകാവുന്ന അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ രാത്രി 10 മണി കഴിഞ്ഞാണ് അഞ്ച് മൃതദേഹങ്ങളം വഹിച്ച് ആംബുലൻസ്​ ഖണ്ഡ്വയിലേക്ക് കടക്കുന്നത്.

അതിനുമുമ്പേ സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയ ഖണ്ഡ്വയിൽ കൊല്ലപ്പെട്ടവരുടെ വീടുകളെല്ലാം പൊലീസ്​ കാവലിലാക്കുകയും ചെയ്തിരുന്നു. ജനാസ നമസ്​കാരത്തിനുശേഷം ഒരുമിച്ചെടുത്ത് മയ്യിത്തുകൾ മുസ്​ലിംകൾ തിങ്ങിപ്പാർക്കുന്ന വഴിയിലൂടെ ഖബർസ്​ഥാനിലെത്തിക്കാനാണ് ആവുംവിധം ശ്രമിച്ചതെന്ന് അഡ്വ. ജാവേദ് പറഞ്ഞു. എന്നാൽ, മറ്റു സമുദായക്കാർ തിങ്ങിപ്പാർക്കുന്ന ഒരു ഗലികൂടി കടന്നുവേണമായിരുന്നു ഖബർസ്​ഥാനിലെത്താൻ.

അഞ്ച് മൃതദേഹങ്ങളുമായുള്ള വിലാപയാത്ര അവിടെയെത്തിയതും മുദ്രാവാക്യംവിളികളുയർന്നു. അതിന് പിറകെ മൃതദേഹങ്ങൾക്കുനേരെ തുരുതുരാ കല്ലുകൾ പതിച്ചുതുടങ്ങി. കനത്ത പൊലീസ്​ സന്നാഹത്തിലായിരുന്നു കല്ലേറ്. തടയാനുള്ള നീക്കമൊന്നും പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാകാത്തതിനാൽ ആ ഗലി കഴിയുംവരെ വിലാപയാത്രക്കു മേൽ കല്ലുകൾ പതിച്ചുകൊണ്ടിരുന്നു.
(അവസാനിച്ചു)
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:simibhopal encouterbhopal police
News Summary - bhopal encounter
Next Story