Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭോപാല്‍...

ഭോപാല്‍ കൂട്ടക്കൊലയുടെ കാണാപ്പുറങ്ങള്‍

text_fields
bookmark_border
ഭോപാല്‍ കൂട്ടക്കൊലയുടെ കാണാപ്പുറങ്ങള്‍
cancel

ജയില്‍ചാടുക, ഏതാനും മണിക്കൂറുകള്‍ക്കകം ജയില്‍ചാടിയവരെല്ലാം പൊലീസിന്‍െറ കൂട്ടക്കുരുതിക്കിരയാവുക.  ഭോപാല്‍ മലിഖേഡയില്‍ ദീപാവലിയുടെ പിറ്റേന്ന് സംഭവിച്ചത് എന്താണ്? നിരോധിക്കപ്പെട്ട സിമിയുടെ പ്രവര്‍ത്തകരെന്ന് ആരോപിച്ച് വിവിധ കുറ്റങ്ങള്‍ ചുമത്തി ഭോപാല്‍ ജയിലിലടച്ച എട്ടുപേര്‍ തടവു ചാടിയോ? അതെങ്ങിനെ?   ഇവര്‍ നിരായുധരായിരുന്നെന്ന് സാക്ഷ്യപ്പെടുത്തലുകളുണ്ടായപ്പോഴും എന്തിനായിരിക്കും എല്ലാവരെയും ‘ഏറ്റുമുട്ടലില്‍’ വകവരുത്തിയത്. വന്‍വിവാദമുയര്‍ത്തിയ ഭോപാല്‍ ജയില്‍ചാട്ടം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്.  ഈ സാഹചര്യത്തില്‍ വസ്തുതാന്വേഷണ സംഘത്തോടൊപ്പം  ഭോപാല്‍ ജയിലും ഏറ്റുമുട്ടല്‍ സ്ഥലവും കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദര്‍ശിച്ച മാധ്യമം ലേഖകന്‍ ഹസനുല്‍ ബന്ന തയാറാക്കിയ പരമ്പര ഇന്നു മുതല്‍...


ദീപാവലിക്ക് തൊട്ടുമുമ്പത്തെ ചൊവ്വാഴ്ച പിതാവ് മുഹമ്മദ് അഖീല്‍ ഖില്‍ജിയെ കാണാന്‍ പോയപ്പോഴുണ്ടായ സംഭവമാണ് ഖാണ്ഡ്വയിലെ വീട്ടിലത്തെിയപ്പോള്‍ മുഹമ്മദ് ജലീലിന് പ്രധാനമായും പറയാനുണ്ടായിരുന്നത്. പതിവ് പോലെ അന്നും ഉച്ചക്ക് ഒന്നര മുതല്‍ രണ്ട് വരെയാണ് ജലിലിന് പിതാവുമായുള്ള കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത്. വീട്ടിലെ വിശേഷങ്ങളെല്ലാം കേട്ട ശേഷം പിതാവ് ഒരു പരാതി അറിയിച്ചു. ഏതാനും ദിവസങ്ങളായി ജയിലില്‍ നിന്ന് തങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഒരു തരം പൊടി വിതറുന്നുവെന്നായിരുന്നു അത്. ആ ഭക്ഷണം കഴിച്ച് തുടങ്ങിയതില്‍ പിന്നെ ശരീരം തളരുന്ന പോലെ തോന്നുന്നുവെന്നും  നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്നില്ളെന്നും അഖീല്‍ മകനോട് പറഞ്ഞു.


തനിക്ക് മാത്രമല്ല, തന്നോടൊപ്പം കേസിലുള്ള മറ്റ് പ്രതികള്‍ക്കും ഇങ്ങിനെയാണ് നല്‍കുന്നതെന്നും അഖീല്‍ തുടര്‍ന്നു. പതിവില്ലാത്ത മറ്റുചില ജയില്‍ രീതികളും അഖീല്‍ വിവരിച്ചു. ഒരാളെ പാര്‍പ്പിക്കുന്ന സെല്ലില്‍ കഴിഞ്ഞ ഒരാഴ്ചയായി രാത്രിമാത്രം എട്ടു പത്തു പേരെ ഒരുമിച്ചുകൊണ്ടുവന്നാക്കുന്നു. ഒരാള്‍ക്ക് താമസിക്കാനുള്ളതാണ് ഒരു സെല്ല്. എന്നാല്‍ തടവുപുള്ളികളുടെ ആധിക്യം കാരണം രണ്ടോ പരമാവധി മൂന്നോ പേരെ പലപ്പോഴും ഒരു സെല്ലില്‍ താമസിപ്പിക്കാറുണ്ട്. മുന്നാളെ പാര്‍പ്പിച്ചാല്‍ പോലും കിടന്നുറങ്ങാന്‍ പ്രയാസപ്പെടണം. എന്നാല്‍, അടുത്തിടെയായി രാത്രി ഒന്നരയോടെ മറ്റു സെല്ലുകളില്‍ കഴിയുന്ന സിമി കേസിലെ തടവുകാരെ ഒരു സെല്ലിലിട്ട് അടക്കുകയാണെന്നും പുലര്‍ച്ചെ മാത്രമാണ് ഇത് തുറന്ന് സ്വന്തം സെല്ലിലേക്ക് പോകാന്‍ അനുവദിക്കുന്നതെന്നും അഖീല്‍ പറഞ്ഞു.  ഇതുമൂലം രാത്രി ഉറങ്ങാന്‍ കഴിയുന്നില്ളെന്നും അദ്ദേഹം മകനോട് പറഞ്ഞു.


പിതാവ് ഇത്തരമൊരു പരാതി ഉന്നയിച്ചത് ഗൗരവത്തിലെടുത്ത ജലീല്‍ ഉടന്‍ ജയിലറെ  പോയി കണ്ടു. എന്നാല്‍, എല്ലാ പരാതിയും നിഷേധിച്ച ജയിലര്‍  ഭക്ഷണത്തിന്‍െറ കാര്യത്തില്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കാമെന്നും ഉറപ്പുനല്‍കി. അഖീലിനൊപ്പം പോലീസ് വെടിവെച്ചുകൊന്ന മഹ്ബൂബും തന്നെ കാണാന്‍ വന്ന അമ്മാവനോട് പാതിരാത്രിയിലെ സെല്‍മാറ്റത്തെപ്പറ്റി പറഞ്ഞിരുന്നുവെന്ന് ജലീല്‍ വ്യക്തമാക്കി. ഇന്‍ഡോറിലെ ജയിലില്‍ പിതാവിന് അതിക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.  അത്പോലെയുള്ള പീഡനത്തിനാണ് ഈ മാറ്റിക്കിടത്തം എന്നാണ് കരുതിയത്. എന്നാല്‍ ദീപാവലിക്ക് പിറ്റേന്ന് എട്ടുപേരെയും പോലീസ് കൊലപ്പെടുത്തിയപ്പോഴാണ് സെല്‍മാറ്റം അതിനുള്ള മുന്നൊരുക്കമായിരുന്നുവെന്ന് മനസിലാക്കാനായതെന്ന് ജലീല്‍ പറയുന്നു.


സിമി കേസില്‍ നിന്ന് കുറ്റവിമുക്തനായി അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയുമായി കഴിയുന്ന ജലീലിന്‍െറ വിവാഹം കഴിഞ്ഞ മാസമായിരുന്നു. സിമി കേസ് ചുമത്തപ്പെട്ട് പിതാവ് ഭോപാല്‍ ജയിലിലും ഏക സഹോദരന്‍ ഖലീല്‍ ഒൗറംഗാബാദ് ജയിലിലുമായതിനാല്‍ ആഘോഷമൊന്നുമില്ലാതെയായിരുന്നു വിവാഹം. കുടുംബസമേതം കാണാന്‍ സമയം അനുവദിച്ചതിനാല്‍ ഉമ്മയെയും ഭാര്യയെയും കൂട്ടി വരാന്‍ അഖീല്‍ ജലീലിനോട് പറഞ്ഞിരുന്നു. അതനുസരിച്ച് വ്യാഴാഴ്ച എല്ലാവരും ഭോപാല്‍ ജയിലില്‍ പോകാനിരിക്കുകയായിരുന്നു. അതിന് രണ്ട് ദിവസം മുമ്പാണ് പുറവും കൈയും പിന്‍തലയും തകര്‍ന്ന നിലയില്‍ പിതാവിന്‍െറ മയ്യിത്ത് ഏറ്റുവാങ്ങി വീട്ടിലത്തെിക്കേണ്ടി വന്നതെന്ന് ജലീല്‍ പറഞ്ഞു.

പുറം  തകര്‍ത്ത വെടിയുണ്ടകള്‍ പോരാഞ്ഞാണ് നെഞ്ചിലേക്ക് ഒരിക്കല്‍ കൂടി നിറയൊഴിക്കാന്‍ ‘ആജ്ഞ’യുണ്ടായത്. ആ വെടിയുണ്ടയാണ് ഈ നെഞ്ചില്‍ കാണുന്നതെന്ന് പറഞ്ഞ് കുളിപ്പിക്കാനെടുത്ത മയ്യിത്തിന്‍െറ വിവിധ ദൃശ്യങ്ങള്‍ ജലീലിനൊപ്പമുണ്ടായിരുന്ന അഡ്വ. ജാവേദ് കാണിച്ചു തന്നു.
(തുടരും)

Show Full Article
TAGS:bhopal massacre series simi 
News Summary - bhopal encounter
Next Story