Top
Begin typing your search above and press return to search.
exit_to_app
exit_to_app
‘എന്‍െറ മകന്‍ ഭീകരവാദിയല്ല; ഞാന്‍ രക്തസാക്ഷിയുടെ ഉമ്മ’
cancel

അഹ്മദാബാദ്: ‘‘മേരാ ബേട്ടാ ആതങ്കവാദി നഹി ഥാ, മേരാ ബേട്ടാ ശഹീദ് ഹുവാ. മേം ഏക് ശഹീദ് കി മാ ഹും’’ (എന്‍െറ മകന്‍ ഭീകരവാദിയല്ല, അവന്‍ രക്തസാക്ഷിയാണ്. ഞാന്‍ ആ രക്തസാക്ഷിയുടെ ഉമ്മയും) -സ്വന്തം മകനെ പൊലീസുകാര്‍ വെടിവെച്ചുകൊന്നതിന്‍െറ അടക്കാനാകാത്ത വേദനക്കിടയിലും മുംതാസ് പര്‍വീണ്‍ ശൈഖ് ഇടറാതെ പറഞ്ഞു. ഒക്ടോബര്‍ 31ലെ ഭോപാല്‍  ജയില്‍ചാട്ടത്തെതുടര്‍ന്ന് പൊലീസ് കൊലപ്പെടുത്തിയ എട്ടുപേരില്‍ ഒരാളായ മുജീബ് ശൈഖിന്‍െറ മാതാവാണ്, മകന്‍െറ ഖബറടക്കം കഴിഞ്ഞശേഷം മാധ്യമപ്രവര്‍ത്തകരോട് തന്‍െറ വേദന പങ്കിട്ടത്.
 മധ്യപ്രദേശ് പൊലീസും മാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതുപോലെ തന്‍െറ മകന്‍ ഭീകരവാദിയല്ല, നിരപരാധിയാണ്.  കെട്ടിച്ചമച്ച കേസുകളാണ് അവനുമേല്‍ ഉണ്ടായിരുന്നത്. എന്നിട്ടും പൊലീസ് അവനെ ചുട്ടെരിച്ചു -വാക്കുകള്‍ മുറിഞ്ഞ് അവര്‍ വിതുമ്പി. ഒരു വാഹനത്തില്‍നിന്ന് പിടിച്ചിറക്കിയശേഷം മകനുനേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് നാട്ടുകാര്‍ തന്നോട് പറഞ്ഞതെന്ന് മുംതാസ് വ്യക്തമാക്കി.  മകന്‍െറ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്ക് കടുത്തശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ നിയമപോരാട്ടം നടത്തും.
സംസ്ഥാന പൊതുമരാമത്ത് വകുപ്പില്‍ ക്ളാസ് മൂന്ന് വിഭാഗം ജീവനക്കാരനാണ് മുജീബിന്‍െറ പിതാവ് ജമീല്‍. ഭോപാലില്‍നിന്ന് സ്വകാര്യ ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുവരുമ്പോള്‍ തങ്ങള്‍ക്കു മുന്നിലും പിന്നിലുമായി രണ്ട് പൊലീസ് വാഹനങ്ങള്‍ ഉണ്ടായിരുന്നെന്നും അവര്‍ തങ്ങളുടെ വാഹനം എവിടെയും നിര്‍ത്താന്‍പോലും അനുവദിച്ചില്ളെന്നും മുംതാസ് പറഞ്ഞു. 300 കിലോമീറ്റര്‍ പിന്നിട്ട് ഗുജറാത്ത് അതിര്‍ത്തിയായ ദാഹോദിലത്തെിയപ്പോഴാണ് വാഹനം നിര്‍ത്തി കുറച്ച് വെള്ളം കുടിച്ചത്.
 അഹ്മദാബാദ് ബോംബ് സ്ഫോടന പരമ്പര കേസില്‍ 2008 ജൂലൈയിലാണ് മുജീബിനെതിരെ കേസ് വരുന്നതെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷകന്‍ ഡി.ഡി. പത്താന്‍ പറഞ്ഞു. കൊള്ള, കവര്‍ച്ച, ഒരു കോണ്‍സ്റ്റബ്ളിന്‍െറ കൊലപാതകം, പൊലീസുകാരന്‍െറ വധശ്രമം എന്നിങ്ങനെ മറ്റ് നാലു കേസുകളും മുജീബിനെതിരെ ചുമത്തിയിരുന്നു. എന്നാല്‍, അഹ്മദാബാദ് സ്ഫോടനം നടക്കുന്ന സമയത്ത് ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ എല്‍.ഡി കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (എല്‍.ഡി.സി.ഇ) ബയോമെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്നു മുജീബ്.  സ്ഫോടനത്തെതുടര്‍ന്ന് പൊലീസ് അറസ്റ്റ്  ചെയ്യുമെന്ന് ഭയന്ന് ഒളിവില്‍പോയ മുജീബിന് പിന്നീട് പഠനം പൂര്‍ത്തിയാക്കാനായില്ല. മുജീബ് എപ്പോഴും താടി നീട്ടി വളര്‍ത്തുമായിരുന്നു. എന്നാല്‍,  മൃതദേഹം ലഭിക്കുമ്പോള്‍ പൂര്‍ണമായും താടിവടിച്ചിരുന്നു. ഇത് അവിശ്വസനീയമാണെന്നും മുജീബ് ഇങ്ങനെ ചെയ്യാന്‍ സാധ്യതയില്ളെന്നും പത്താന്‍ പറഞ്ഞു.
ജീന്‍സ്, ടീഷര്‍ട്ട്, സ്പോര്‍ട്സ് ഷൂ, വാച്ച് എന്നിവ  ധരിച്ച നിലയിലായിരുന്നു മുജീബിന്‍െറ മൃതദേഹം കൈമാറിയത്. ഞങ്ങള്‍ ജയിലില്‍  അവന് ജീന്‍സും ടീഷര്‍ട്ടും നല്‍കിയിട്ടേയില്ല. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ മൃതദേഹം ശരിയായി തുന്നിക്കെട്ടാതിരുന്നതിനാല്‍ ചോരയൊലിക്കുന്ന നിലയിലായിരുന്നു. പിന്നീട് മറ്റൊരു ഡോക്ടറുടെ സഹായത്തോടെയാണ് മുറിവ് തുന്നിക്കെട്ടി മൃതദേഹം കൊണ്ടുവന്നതെന്നും പത്താന്‍ വ്യക്തമാക്കി.

Show Full Article
TAGS:bhopal encounter Bhopal central jail 
News Summary - bhopal encounter
Next Story