വിവാഹമോചനം നേടിയ പുരുഷൻമാരുടെ ഒത്തുചേരൽ വൈറൽ; ഭീഷണിയിൽ പകച്ച് സംഘാടകർ
text_fieldsഭോപാൽ: അടുത്തിടെ വിവാഹമോചനം നേടിയ പുരുഷന്മാർക്കായി സംഘടിപ്പിച്ച ഒത്തുചേരൽ സമൂഹ മാധ്യമങ്ങളേറ്റെടുക്കുകയും വൈറലാകുകയും ചെയ്തതോടെ സംഘാടകരായ എൻ.ജി.ഒക്ക് നിൽക്കപ്പൊറുതിയില്ല. സംഭവത്തിനുശേഷം ഫോൺകാളുകൾ കൊണ്ടും മറ്റ് അന്വേഷണങ്ങൾകൊണ്ടും പൊറുതിമുട്ടിയിരിക്കുകയാണ് ഭായി വെൽഫെയർ സൊസൈറ്റി എന്ന ഗുജറാത്തിലെ എൻ.ജി.ഒ.
ഭീഷണി കാളുകളും ധാരാളം വരുന്നുണ്ട്. ഭാരതീയ സംസ്കാരത്തിന് വിരുദ്ധമായ സംഗതിയാണ് നിങ്ങൾ നടത്തുന്നതെന്നാണ് എതിർക്കുന്നവരുടെ വാദം. പക്ഷേ തങ്ങൾ വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പല കാരണങ്ങളാൽ ചേർച്ചയില്ലാത്ത വിവാഹം കഴിച്ച് ജീവിതകാലം മുഴുവൻ ദുരിതമനുഭവിക്കുന്നവരെ അതിൽ നിന്ന് മോചനം നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിതെന്നും കൺവീനർ സക്കി അഹമ്മദ് പറയുന്നു.
വിവാഹമോചനം തേടുന്ന പുരുഷന്മാർക്ക് നിയമസഹായം എന്ന ആശയം മുൻനിർത്തിയാണ് സംഘടന രൂപവത്കരിച്ചത്. തെറ്റായ വിവാഹത്തിനു ശേഷം വഴക്കുകൾ സ്ഥിരമാകുകയും ഒടുവിൽ വർഷങ്ങൾ നീളുന്ന നിയമപോരാട്ടത്തിനുശേഷം ജീവനാംശമായി അതുവരെ സമ്പാദിച്ച പണം മുഴുവൻ കൊടുക്കേണ്ടിവരുകയും ചെയ്യുന്നു.
സംഘടന പ്രവർത്തനം തുടങ്ങിയശേഷം സഹായം ആവശ്യപ്പെട്ട് നിരവധിപേരാണ് സമീപിച്ചത്. പലർക്കുമെതിരെ സ്ത്രീധന പീഡനവും ഗാർഹിക പീഡനവും തെറ്റായി ചുമത്തുകയായിരുന്നെന്നും സംഘടന ആരോപിക്കുന്നു. സത്യമെന്തായാലും ഇങ്ങനെ വിവാഹമോചിതരായ 18 പേരാണ് ഒത്തുകൂടിയത്. കോവിഡിനുശേഷമുള്ള ആദ്യ ഒത്തുചേരലായതിനാൽ പരിപാടി വൈറലാവുകയും ചെയ്തു. സംഗമത്തിൽ പങ്കെടുത്തവരിലേറെയും പ്രഫഷനലുകളാണെന്നും സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

