ഭാര്യയുടെ ആഭരണം വിറ്റ് ഓട്ടോ 'ആംബുലൻസാക്കി'; ജാവേദിന്‍റെ ഓട്ടം ഇപ്പോൾ ജീവനുകൾ രക്ഷിക്കാൻ
text_fieldsഭോപാൽ: കഴിഞ്ഞ രണ്ടാഴ്ചയായി ഭോപാൽ നഗരത്തിലെ ജാവേദ് ഖാൻ എന്ന ഓട്ടോ ഡ്രൈവർ ഓടുന്നത് സ്വന്തം കുടുംബം പുലർത്താനല്ല.ഒരുപാട് കുടുംബങ്ങളിലെ ജീവിതങ്ങൾ അണയാതിരിക്കാനാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഉറ്റവരെ ആശുപത്രികളിലെത്തിക്കാൻ വഴിയില്ലാതെ വിഷമിക്കുന്നവരെ സഹായിക്കാൻ സ്വന്തം ഓട്ടോ 'ആംബുലൻസ്' ആക്കിയിരിക്കുകയാണ് ജാവേദ് ഖാൻ. സൗജന്യമായി രോഗികളെ കയറ്റി കൊണ്ടുപോകുക മാത്രമല്ല ജാവേദ് ചെയ്യുന്നത്. അവർക്ക് ആവശ്യമുള്ള ജീവൻരക്ഷാ സംവിധാനങ്ങളും ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറും ഓക്സിമീറ്ററും സാനിറ്റെസറും പിപിഇ കിറ്റും അവശ്യമരുന്നുമൊക്കെ ഈ 'കുഞ്ഞ് ആംബുലൻസിൽ' ലഭ്യമാണ്. ഇതിനൊക്കെയുള്ള പണം കണ്ടെത്തിയതാകട്ടെ, ഭാര്യയുടെ ആഭരണം വിറ്റും.
അത്യാസന്ന നിലയിൽ കഴിയുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹന സൗകര്യമില്ലാതെ ആളുകൾ പൊറുതി മുട്ടുന്നതിന്‍റെ വാർത്തകൾ കണ്ട് മനംെനാന്താണ് ജാവേദ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഉള്ള ആരോഗ്യവും സമ്പാദ്യവും കൊണ്ട് ഇത്തരം ആളുകൾക്ക് സഹായം നൽകാനുറച്ചപ്പോൾ
ഭാര്യ പിന്തുണയുമായി കൂടെ നിന്നു. ഭാര്യ ഊരിക്കൊടുത്ത മാല വിറ്റ് കിട്ടിയ പണം കൊണ്ടാണ് ഓട്ടോയിൽ ഓക്സിജൻ സിലിണ്ടറും മറ്റും വാങ്ങി വെച്ചത്. ഗോവിന്ദ്പുരയിലുള്ള ഒാക്സിജൻ പ്ലാന്‍റിലെത്തിയാണ് ജാവേദ് ഓക്സിജൻ നിറക്കുന്നത്. നാലും അഞ്ചും മണിക്കുർ കാത്തുനിന്നാലാണ് ഓക്സിജൻ ലഭിക്കുക. ഒരു സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് 450 മുതൽ 550 രൂപ വരെയാണ് വില.
'ആംബുലൻസ് കിട്ടാതെ വന്നതോടെ ഉറ്റവരെ ആശുപത്രിയിലെത്തിക്കാൻ ആളുകൾ ഇരുചക്ര വാഹനങ്ങളിലും കാളവണ്ടിയിലുമൊക്കെ പോകുന്നതിന്‍റെ ദൃശ്യങ്ങൾ ടിവിയിലും വാട്സ്ആപ്പിലുമൊക്കെ കണ്ട് മനം നൊന്താണ് ഇത്തരമൊരു തീരുമാനമെടുത്തത്. അതിന് പണമില്ലാതെ വിഷമിക്കുന്നത് കണ്ട് ഭാര്യ മാല ഉൗരിത്തരികയായിരുന്നു. എന്‍റെ നമ്പർ 7999909494 എല്ലാ സമൂഹ മാധ്യമങ്ങളിലും നൽകിയിട്ടുണ്ട്. ആംബുലൻസ് ലഭിക്കാത്തവർക്കും മറ്റ് സഹായങ്ങൾ വേണ്ടവർക്കും എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാം. ഒമ്പത് ഗുരുതര രോഗികളെ സമയത്തിന് ആശുപത്രിയിലെത്തിച്ച് രക്ഷിക്കാനായത് വലിയ പുണ്യമായി കരുതുന്നു.' -ജാവേദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

