ഭീമ കൊറേഗാവ്: നവലഖയെ വീട്ടുതടങ്കലിലേക്ക് മാറ്റി
text_fieldsഗൗതം നവലഖയെ ദേശീയ അന്വേഷണ ഏജൻസി നവി മുംബൈയിലെ ബേലാപൂരിലുള്ള സി.പി.എം ഓഫിസിലേക്ക് വീട്ടുതടങ്കലിനായി മാറ്റുന്നു
മുംബൈ: സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെ ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവലഖയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) വീട്ടുതടങ്കലിലേക്ക് മാറ്റി. നവി മുംബൈയിലെ ബേലാപൂരിലുള്ള സി.പി.എം ഓഫിസിലാണ് നവലഖ വീട്ടുതടങ്കിലിൽ കഴിയുന്നത്.
ആരോഗ്യാവസ്ഥയും ചികിത്സയും പരിഗണിച്ച് കഴിഞ്ഞ 10നാണ് നവലഖയെ ഒരുമാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടത്. 48 മണിക്കൂറിനകം മാറ്റണമെന്നായിരുന്നു നിർദേശം. എന്നാൽ, വീട്ടുതടങ്കലിന് തെരഞ്ഞെടുത്ത സ്ഥലത്തിന്റെ സുരക്ഷ ഉയർത്തിക്കാട്ടി എൻ.ഐ.എ നടപടികൾ വൈകിപ്പിച്ചു.
ഒപ്പം, രാജ്യസുരക്ഷക്കും അഖണ്ഡതക്കും ഭീഷണിയായ കേസിലെ പ്രതിയായതിനാൽ വീട്ടുതടങ്കൽ അനുവദിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജിയും നൽകി. വെള്ളിയാഴ്ച പുനഃപരിശോധന ഹരജി തള്ളിയ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ഋഷികേഷ് റോയ് എന്നിവരുടെ ബെഞ്ച് 24 മണിക്കൂറിനകം ആദ്യ ഉത്തരവ് നടപ്പാക്കാൻ സമയം നൽകി.
ഉത്തരവിൽ പഴുത് കണ്ടെത്തി ഇനിയും വൈകിപ്പിച്ചാൽ നിലപാട് കടുപ്പിക്കുമെന്ന മുന്നറിയിപ്പും കോടതി നൽകി. ഇതോടെയാണ് ശനിയാഴ്ച വൈകീട്ടോടെ തലോജ ജയിലിൽനിന്ന് നവലഖയെ സി.പി.എം ഓഫിസിലേക്ക് മാറ്റിയത്.
സ്ഥലം സുരക്ഷിതമല്ലെന്ന എൻ.ഐ.എ വാദത്തിന്, സി.പി.എം ഓഫിസിലെ അടുക്കളയിൽനിന്ന് പുറത്തേക്കുള്ള വാതിലും ലൈബ്രറിയിലെ ഗ്രിൽ വാതിലും അടച്ചുപൂട്ടാനാണ് കോടതി നിർദേശിച്ചത്. മൊത്തം പൊലീസ് സേനയും സർക്കാറുമുണ്ടായിട്ടും 70കാരനെ തടവിൽ പാർപ്പിക്കാൻ നിങ്ങൾക്കാവില്ലേ എന്നും കോടതി എൻ.ഐ.എയോട് ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

