ഭീമ–കൊറെഗാവ് കേസ്: ആദ്യം അറസ്റ്റിലായവർക്കെതിരായ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം
text_fieldsമുംബൈ: ഭീമ-കൊറെഗാവ് സംഘർഷ കേസിൽ മാവോവാദി ബന്ധം ആരോപിച്ച് ആദ്യ ഘട്ടത്തിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിക്കേണ്ട കാലാവധി പുണെ കോടതി നീട്ടി.
യു.എ.പി.എ നിയമം ചുമത്തി ജൂൺ ആറിന് അറസ്റ്റ്ചെയ്ത മലയാളി റോണ വിൽസൺ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, പ്രഫ. സോമ സെൻ, മഹേഷ് റാവുത്ത്, ദലിത് ആക്ടിവിസ്റ്റും പത്രാധിപരുമായ സുധീർ ധാവ്ലെ എന്നിവർക്കെതിരായ കുറ്റപത്രം സമർപ്പിക്കേണ്ട കാലാവധിയാണ് കോടതി 90 ദിവസത്തേക്ക് നീട്ടിയത്. ചൊവ്വാഴ്ചയാണ് കാലാവധി അവസാനിക്കുക. എന്നാൽ, പുണെ പൊലീസ് ഞായറാഴ്ച തന്നെ കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. അറസ്റ്റിലായവരെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കുന്ന കാര്യം പൊലീസ് അറിയിച്ചത് ശനിയാഴ്ച വൈകീട്ടായിരുന്നു.
അതിനാൽ, തയാറെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ രാഹുൽ ദേശ്മുഖ് കോടതിയിൽ പറഞ്ഞു. വാദം മാറ്റിവെക്കണമെന്ന ഇവരുടെ ആവശ്യം കോടതി തള്ളി.
അതേസമയം, കഴിഞ്ഞ 28 ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റിലായവരെ കൂടി ഇതേ കേസിൽ ചോദ്യംചെയ്യാനുണ്ടെന്നാണ് കാലാവധി നീട്ടിചോദിക്കെ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. ഭീമ-കൊറെഗാവ് സംഘർഷം ആളിക്കത്തിക്കാൻ മാവോവാദി സംഘടന അഞ്ച് ലക്ഷം രൂപ നൽകിയതായും പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.