ഭീമ കൊറേഗാവ്: എല്ലാ കുറ്റാരോപിതരെയും വിട്ടയക്കണം -സി.പി.എം
text_fieldsന്യൂഡൽഹി: തെളിവുകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റല്‍ ഫോറന്‍സിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തില്‍ ഭീമ കൊറേഗാവ് കേസിലെ എല്ലാ കുറ്റാരോപിതരെയും ഉടന്‍ മോചിപ്പിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യറോ ആവശ്യപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റമുക്തരാക്കണമെന്ന ഹരജികളെയോ എൻ.ഐ.എ എതിര്‍ക്കരുത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഫോറന്‍സിക് തെളിവുകള്‍ സമയബന്ധിതമായി നീതിപൂര്‍വമായ പുനഃപരിശോധനക്ക് വിധേയമാക്കണം. ചെയ്യാത്ത കുറ്റത്തിന്‍റെ പേരില്‍ കേസില്‍ കുടുങ്ങിയാണ് ഫാ. സ്റ്റാന്‍ സ്വാമി മരിച്ചത്. അദ്ദേഹത്തിന്‍റെ കസ്റ്റഡി മരണം കൊലപാതകമാണ്.
ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതരായവര്‍ക്കെതിരായ തെളിവുകളെന്ന പേരില്‍ ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള അഞ്ചാമത്തെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എതിര്‍ക്കുന്നവരെ കുടുക്കാനും ജയിലില്‍ അടക്കാനും തെളിവുകള്‍ കെട്ടിച്ചമച്ചും എൻ.ഐ.എയെ ഉപയോഗപ്പെടുത്തിയും കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ആര്‍ക്കും നാളെ സമാനമായ അനുഭവമുണ്ടാവാമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

