ഏക്നാഥ് ഷിന്‍ഡെ തിരികെ എത്തണം, പൊതുതാൽപ്പര്യ ഹരജി കേൾക്കാതെ ബോംബെ ഹൈക്കോടതി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് ബോംബെ ഹൈക്കോടതി. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിൽ അസമിലേക്ക് പോയ 37എം.എൽ.എമാരടക്കം തിരികെ വരണമെന്നും ചുമതലകൾ നിർവഹിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
നിലവിലുള്ള "രാഷ്ട്രീയ നാടകം" പൊതുജനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 268-ാം വകുപ്പ് പ്രകാരം ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഹരജി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അസ്ഥിരത കാരണം പൗരന്മാർക്കിടയിലുള്ള അരക്ഷിതാവസ്ഥ തിരിച്ചറിയുകയും പരിഹാരമുണ്ടാക്കണമെന്നും ഹരജി ചൂണ്ടിക്കാട്ടി.
നഗരവികസന വകുപ്പ് മന്ത്രിയായ ഏക്നാഥ് ഷിന്‍ഡെയെ നിശിതമായി ഹരജിയിൽ വിമർശിക്കുന്നുണ്ട്. മഴക്കാലത്ത് നാട്ടിൽ വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യത്തിൽ മന്ത്രി സംസ്ഥാനത്ത് നിന്ന് പോയത് ഉത്തരവാദിത്വം ഇല്ലായ്മയാണെന്ന് ഹരജിയിൽ പറയുന്നു. ഈ മാസങ്ങളിൽ കർഷകരെ കൂടുതൽ പരിഗണിക്കേണ്ടതുണ്ട്. നിർഭാഗ്യവശാൽ കൃഷി മന്ത്രി ദാദ ഭൂസെയും ഗുവാഹതിയിലാണ്.
ഇതിനിടെ മഹാരാഷ്ട്ര സർക്കാറിനെ പ്രതിസന്ധിയിലാക്കിയ ശിവസേന വിമതൻ ഏക്നാഥ് ഷിൻഡെ ഗുജറാത്തിലെ വഡോദരയിൽ ബി.ജെ.പിയുടെ ദേവേന്ദ്ര ഫട്നാവിസുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.