സഹകരണ മേഖലയിൽ ഭാരത് ടാക്സിക്ക് തുടക്കം
text_fieldsന്യൂഡൽഹി: സഹകരണ മേഖലയിൽ ഓൺലൈൻ ടാക്സി ആരംഭിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പിന്തുണയോടെ ‘സഹകാർ ടാക്സി കോഓപറേറ്റിവ് ലിമിറ്റഡ്’ ആണ് ഭാരത് ടാക്സി സേവനം നടത്തുന്നത്. ഡൽഹിയിലും ഗുജറാത്തിലുമാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
സഹകരണ മേഖലയിലൂടെ സാധാരണക്കാരായ ആളുകൾക്ക് ചെറിയ മൂലധനം സമാഹരിച്ച് എങ്ങനെ വലിയ തുടക്കങ്ങൾ കുറിക്കാം എന്നതിന്റെ ഉദാഹരണമാണ് ഭാരത് ടാക്സിയെന്ന് അമിത് ഷാ എക്‌സിൽ കുറിച്ചു. ടാക്സി ഡ്രൈവർമാർക്ക് കൂടുതൽ ലാഭം ലഭിക്കുമെന്നുമാത്രമല്ല, അന്തസ്സോടെ ഇതിന്റെ ഉടമസ്ഥരാകാനും അവർക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ഡ്രൈവർക്കും സഹകരണ സംഘത്തിൽ അഞ്ച് ഓഹരികൾ വീതം ഉണ്ടായിരിക്കും. ഓല, ഉബർ, റാപ്പിഡോ തുടങ്ങി സ്വകാര്യ കമ്പനികൾ ഓട്ടത്തിന് ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്ന കമീഷൻ ഭാരത് ടാക്സി ഈടാക്കില്ല. ഉപഭോക്താക്കൾ നൽകുന്ന മുഴുവൻ തുകയും ഡ്രൈവർക്ക് ലഭിക്കും. പകരം, ആപ്പ് മെയിന്റനൻസ് ഫീസായി പ്രതിദിനം 30 രൂപ മാത്രം നൽകിയാൽ മതി.
ആപ്പിൽ തന്നെ സുരക്ഷാ സംവിധാനങ്ങളും പ്രത്യേക ഹെൽപ്പ് ലൈനും സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ഡൽഹി പൊലീസുമായി സഹകരിച്ച് 35 പ്രത്യേക ബൂത്തുകൾ സ്ഥാപിച്ചു. ഡ്രൈവർമാരുടെ പശ്ചാത്തലം പരിശോധിച്ച ശേഷമാണ് അവരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തുന്നത്.
നേരത്തെ, ഡൽഹിയിലും ഗുജറാത്തിലും നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

