സൈനികർക്കായി ഇനി ‘ഭാരത് റൈസ്’; ഗുണമേന്മയുള്ള അരി വിദൂര പോസ്റ്റുകളിൽ പോലും നേരിട്ടെത്തും
text_fieldsന്യൂഡൽഹി: സൈനികർക്ക് വിതരണം ചെയ്യുന്ന അരിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ സൈന്യം ‘ഭാരത് റൈസ്’ പദ്ധതിക്ക് തുടക്കമിട്ടു. ലഡാക്ക്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വിദൂര സൈനിക സപ്ലൈ ഡിപ്പോകളിൽ ഉൾപ്പെടെ ഉയർന്ന ഗുണനിലവാരമുള്ള അരി നേരിട്ട് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെയും ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയുടെയും സാന്നിധ്യത്തിലാണ് പദ്ധതിക്ക് തുടക്കമായത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സപ്ലൈസ് ആൻഡ് ട്രാൻസ്പോർട്ടിന്റെ നേതൃത്വത്തിലാണ് ‘ഭാരത് റൈസ്’ പദ്ധതി നടപ്പാക്കുന്നത്. സൈനികരിൽനിന്നുള്ള തുടർച്ചയായ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് റേഷൻ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. 2026-27 സാമ്പത്തിക വർഷത്തിൽ നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) വഴിയാണ് അരി വിതരണം ചെയ്യുക.
പ്രതിരോധ സേനക്കായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അരി മില്ലിങ് ചെയ്യുക. മികച്ച ഗുണനിലവാരമുള്ള അരിയായിരിക്കും ഇത്. പൊട്ടിയതും കേടായതും നിറവ്യത്യാസമുള്ളതുമായ അരിമണികൾ പരമാവധി കുറക്കുമെന്നും അധികൃതർ വ്യക്തമാക്കി. 10 കിലോ, 30 കിലോ പാക്കറ്റുകളിലായിരിക്കും അരി ലഭ്യമാക്കുക. മുന്നണിപ്പോസ്റ്റുകളിലേക്കും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലേക്കും റേഷൻ എത്തിക്കുന്നതിനിടെ കൈകാര്യം ചെയ്യാനും കൊണ്ടുപോകാനും ഇത് കൂടുതൽ സൗകര്യപ്രദമാകും. പ്രാദേശിക എഫ്.സി.ഐ കേന്ദ്രങ്ങളിൽനിന്ന് സൈനികർ റേഷൻ ശേഖരിക്കുന്നതിന് പകരം ഇനി അരി നേരിട്ട് സൈനിക സപ്ലൈ ഡിപ്പോകളിൽ എത്തിക്കും.
സൈന്യം, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഫെഡ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് എന്നിവ തമ്മിലുള്ള ഏകദേശം 18 മാസത്തെ ഏകോപനത്തിനൊടുവിലാണ് പദ്ധതി നടപ്പാക്കുന്നത്. കാർഷിക ഉൽപ്പാദനത്തെ സൈനികരുടെ ക്ഷേമവുമായി ബന്ധിപ്പിക്കുന്ന ‘ജയ് ജവാൻ, ജയ് കിസാൻ’ ആശയത്തിന്റെ പ്രതിഫലനമാണ് പദ്ധതിയെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഇതിനൊപ്പം എഫ്.സി.ഐയുമായി ഇന്ത്യൻ സൈന്യം അഞ്ച് വർഷത്തെ ധാരണാപത്രവും ഒപ്പുവച്ചു. അടിയന്തര സൈനിക സാഹചര്യങ്ങളിൽ എഫ്.സി.ഐയുടെ ഗോഡൗണുകൾ, ജീവനക്കാർ, സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എന്നിവ സൈന്യത്തിന് ഉപയോഗപ്പെടുത്താൻ കരാർ വഴി സാധിക്കും.
‘ഓപ്പറേഷൻ സിന്ദൂർ’ ഭാവിയിലെ സൈനിക നടപടികൾക്കായി ശക്തമായ ലോജിസ്റ്റിക് സംവിധാനങ്ങളുടെ ആവശ്യകത വ്യക്തമാക്കിയതായി രാജ്നാഥ് സിങ് പറഞ്ഞു. മുന്നറിയിപ്പ് ലഭിക്കാൻ കുറഞ്ഞ സമയം മാത്രമുള്ള സാഹചര്യങ്ങൾ ഭാവിയിലെ സംഘർഷങ്ങളിൽ ഉണ്ടായേക്കാമെന്നും അത്തരം സാഹചര്യങ്ങളിൽ വിതരണ ശൃംഖലയുടെ കാര്യക്ഷമത നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
എഫ്.സി.ഐയുടെ ഗോഡൗണുകളും ആധുനിക സൈലോകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമായ ഘട്ടങ്ങളിൽ രാജ്യസുരക്ഷാ ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

