ഭാഗേലിനെ മുൻനിർത്തി കോൺഗ്രസ്; അഴിമതിക്കെതിരെ ആഞ്ഞടിക്കാൻ ബി.ജെ.പി
text_fieldsRepresentational Image
റായ്പൂർ: 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യംകുറിച്ച് 2018ൽ നേടിയ തകർപ്പൻ വിജയം നിലനിർത്താൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ ജനപ്രിയത മുൻനിർത്തിയാണ് കോൺഗ്രസ് ഛത്തിസ്ഗഢിൽ കരുക്കൾ നീക്കുന്നത്. കൈവിട്ട ഭരണം വീണ്ടെടുക്കാൻ കോൺഗ്രസ് സർക്കാറിന്റെ അഴിമതി ചൂണ്ടിക്കാട്ടി അരയും തലയും മുറുക്കി ബി.ജെ.പിയും രംഗത്തുണ്ട്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഛത്തിസ്ഗഢിൽ പ്രായോഗികമല്ലെന്ന അഭിപ്രായവുമായി ആം ആദ്മി പാർട്ടിയും ഒരുകൈ നോക്കാനിറങ്ങുകയാണ്. 32 ശതമാനം ഗോത്രവർഗ പ്രാതിനിധ്യമുള്ള സംസ്ഥാനത്ത് ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ സർവ ആദിവാസിസമാജും മത്സരരംഗത്തിറങ്ങുന്നത് ഫലം പ്രവചനാതീതമാക്കും.
ജനക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിലൂടെ ഒരുവർഷം മുമ്പുവരെ വെല്ലുവിളികളില്ലാതെ മുന്നേറുകയായിരുന്ന ഭാഗേൽ സർക്കാറിനെ അഴിമതിയും മുസ്ലിം പ്രീണന നയങ്ങളും ഉന്നയിച്ച് തറപറ്റിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബി.ജെ.പി. താരപ്രചാരകനായ നരേന്ദ്ര മോദിതന്നെ ബി.ജെ.പി റാലികളിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു.
മൊത്തം 90 സീറ്റിൽ 68 എണ്ണം നേടിയാണ് 2018ൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. 15 വർഷം അധികാരത്തിലിരുന്ന ബി.ജെ.പിക്ക് 15 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഉപതെരഞ്ഞെടുപ്പുകളിൽ അഞ്ച് സീറ്റുകൾ കൂടി നേടി നിലവിൽ 71 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

