ന്യൂഡൽഹി: സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ബി.എച്ച് ലോയയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ലോയയുടെ മരണത്തില്‍ അന്വേഷണം വേണമോ എന്ന കാര്യം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ സുപ്രീംകോടതി ചേംബറിലേക്ക് വിളിപ്പിച്ച് ആരായണമെന്ന് വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം വേണ്ടെന്നാണ് കുടുംബത്തിന്‍റെ നിലപാടെങ്കില്‍ കേസുമായി മുന്നോട്ട് പോകില്ലെന്നാണ് ഹരജിക്കാരായ ബോംബെ ലോയേഴ്സ് അസോസിയേഷന്‍റെ നിലപാട്.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യാപകമായ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ദുഷ്യന്ത് ദവേയും വി.ഗിരിയും വാദിച്ചിരുന്നു. മരണം ദുരൂഹമാണെന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ലോയക്കുള്ള ചികിത്സയില്‍ പിഴവുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം ആശുപത്രിക്കാണെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ വാദം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.