'ചതിയൻ ഉദ്ധവ് ശിക്ഷിക്കപ്പെടാതെ പോകരുത്', കലിപ്പടങ്ങാതെ അമിത് ഷാ..
text_fieldsമുംബൈ: ആദർശപരമായും രാഷ്ട്രീയപരമായും വഞ്ചകനാണ് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയെന്ന് ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ചതിയനായ ഉദ്ധവിന് ശിക്ഷ കിട്ടാതെ പോകരുതെന്നും അദ്ദേഹം നയിക്കുന്ന ശിവസേനയുടെ പരാജയം മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഉറപ്പാക്കണമെന്നും ബി.ജെ.പി നേതാക്കളുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു.
ബി.എം.സി തെരഞ്ഞെടുപ്പിൽ 150 സീറ്റെങ്കിലും നേടണമെന്നാണ് പാർട്ടി നേതാക്കൾക്ക് അമിഷ് ഷാ നൽകിയ നിർദേശം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന വിഭാഗവുമായി ചേർന്നാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മൊത്തം 236 സീറ്റുകളുള്ള കോർപറേഷനിൽ 119 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
'ശിവസേന സ്ഥാപകൻ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വ ആദർശത്തെ ഒറ്റുകൊടുത്തയാളാണ് ഉദ്ധവ് താക്കറെ. ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേവേന്ദ്ര ഫഡ്നാവിസ്, 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സേന സഖ്യത്തിന് അനുകൂലമായി വോട്ടുചെയ്ത പരശ്ശതം വോട്ടർമാർ എന്നിവരെയും ഉദ്ധവ് വഞ്ചിച്ചു. രാഷ്ട്രീയത്തിൽ അപമാനം സഹിക്കാം, പക്ഷേ, വഞ്ചന സഹിക്കാൻ പറ്റില്ല. അതുകൊണ്ട് ആ വഞ്ചകനെ ശിക്ഷിക്കണം'- യോഗത്തിൽ അമിത് ഷാ പറഞ്ഞതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു.
'മുംബൈയിലെ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിക്കാൻ പോവുകയാണ്. ജനം മോദി നയിക്കുന്ന പാർട്ടിക്കൊപ്പമാണ്, ആദർശത്തെ ഒറ്റുകൊടുത്ത ഉദ്ധവിന്റെ പാർട്ടിക്കൊപ്പമല്ല. താക്കറെയുടെ പാർട്ടി പിളർന്നത് അയാളുടെ അത്യാഗ്രഹം കൊണ്ടാണ്. ബി.ജെ.പിക്ക് അതിൽ ഒരു റോളുമില്ല. 2014ൽ ഉദ്ധവ് സഖ്യം തകർത്തത് കേവലം രണ്ടു സീറ്റിനുവേണ്ടിയായിരുന്നു' -ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് അനുവദിക്കപ്പെട്ട മലബാർ ഹില്ലിലെ സർക്കാർ ബംഗ്ലാവായ മേഘ്ദൂതിൽ നടന്ന യോഗത്തിൽ അമിത് ഷാ പറഞ്ഞു. തന്റെ 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നിരവധി തവണയാണ് അമിത് ഷാ, ഉദ്ധവിന്റെ പേര് പരാമർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

