
ക്രിസ്മസിന് മാംസം നൽകിയെന്നാരോപിച്ച് സ്കൂൾ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ബി.ഇ.ഒ; ഉത്തരവ് റദ്ദാക്കി വിദ്യാഭ്യാസ വകുപ്പ്
text_fieldsബാംഗ്ലൂർ: ക്രിസ്മസ് ദിനത്തിൽ വിദ്യാർഥികൾക്ക് മാംസം നൽകിയെന്നാരോപിച്ച് കർണാടകയിലെ ഇൽക്കൽ ടൗണിലെ സെന്‍റ് പോൾസ് സ്കൂൾ അടച്ചുപൂട്ടാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ഉത്തരവിട്ടു. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും മതപരിവർത്തനം ചെയ്യാന്‍ സ്കൂൾ അധികൃതർ ശ്രമിച്ചെന്ന വലതുപക്ഷ സംഘടനകളുടെ പരാതിയെ തുടർന്നാണ് ഡിസംബർ 30ന് സ്കൂൾ അടച്ചുപൂട്ടാൻ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ ഉത്തരവിറക്കിയത്.
ചട്ടങ്ങൾ ലംഘിച്ച് ക്രിസ്മസ് ആഘോഷിച്ചതിന്‍റെ പേരിൽ സ്കൂൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്ക് മാംസം നൽകിയത് പൊതുജനങ്ങൾക്കും വിദ്യാഭ്യാസവകുപ്പിനും നാണക്കേടുണ്ടാക്കിയെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അനുമതിയില്ലാതെ സ്കൂൾ തുറന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും ബി.ഇ.ഒ കൂട്ടിച്ചേർത്തു.
അതേസയം, ക്രിസ്ത്യൻ മിഷണറിമാരല്ല സ്കൂൾ നടത്തുന്നതെന്നും ഇൽക്കൽ നിവാസികൾ ഒത്തുചേർന്നാണ് സ്കൂൾ പ്രവർത്തിപ്പിക്കുന്നതെന്നും മാനേജ്‌മെന്‍റ് കമ്മിറ്റി അംഗമായ ജാക്‌സൺ ഡി മാർക്ക് പറഞ്ഞു. 'ഞങ്ങൾ ആരെയും മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല. ഒരു മതത്തിനും ആധിപത്യമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്‌കൂളിൽ എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികളും പഠിക്കുന്നുണ്ട്. സ്‌കൂൾ കമ്മിറ്റിയിലും എല്ലാ മതവിഭാഗക്കാരുമുണ്ട്. ആരും മറ്റുള്ളവരുടെ മതവിശ്വാസങ്ങളിലോ താൽപര്യങ്ങളിലോ കടന്നുകയറാന്‍ ശ്രമിക്കാറില്ല. ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്' -ജാക്‌സൺ പറഞ്ഞു.
ഹിന്ദുത്വ അനുകൂല സംഘടനയുടെ കൺവീനറായ പ്രദീപ് അമരന്നവർ തഹസിൽദാർക്ക് നൽകിയ പരാതിയിൽ പ്രിൻസിപ്പൽ സിൽവിയ ഡി മാർക്ക്, സ്‌കൂൾ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളായ ജാക്‌സൺ ഡി മാർക്ക്, ഉമേഷ് നായക് ഹരപ്പനഹള്ളി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ, വിദ്യാഭ്യാസ വകുപ്പിനെയോ ജില്ല കമീഷണറെയോ അറിയിക്കാതെയാണ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. എത്രയും പെട്ടെന്ന് ഉത്തരവ് റദ്ദാക്കാന്‍ ബി.ഇ.ഒക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
'സസ്യേതര ഭക്ഷണം നൽകിയെന്ന പേരിൽ ഒരു സ്കൂളും അടച്ചുപൂട്ടാൻ ഞങ്ങൾക്ക് കഴിയില്ല. ഉത്തരവ് ഇപ്പോൾ തന്നെ റദ്ദാക്കുകയാണ്' -വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
