രാമ ജന്മഭൂമി ക്ഷേത്ര ഫണ്ട് തട്ടിപ്പ്: സമഗ്ര അന്വേഷണം വേണം- ബെന്നി ബെഹനാൻ എം.പി
text_fieldsന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച പണം, സ്വർണം ഉൾപ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ വഴിപാട് സാധനങ്ങൾ വൻതോതിൽ വകമാറ്റിയെന്ന ഗുരുതരമായ ആരോപണങ്ങളിൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എം.പി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുന്നതായും അറസ്റ്റുകൾ രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഉത്തർപ്രദേശ് സർക്കാരിനോടും ക്ഷേത്ര ട്രസ്റ്റിനോടും അടിയന്തരമായി സ്റ്റാറ്റസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ് ഈ സംഭവമെന്ന് ബെന്നി ബെഹനാൻ എം.പി ചൂണ്ടിക്കാട്ടി. ഭക്തർ നൽകുന്ന സംഭാവനകളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിലും അവ സംരക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. രാജ്യം ഉറ്റുനോക്കുന്ന ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അടിയന്തരമായി പ്രസ്താവന നടത്തണമെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമയബന്ധിതമായ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ സുരക്ഷാ-നിയന്ത്രണ സംവിധാനങ്ങൾ ക്ഷേത്ര ഭരണത്തിൽ നടപ്പിലാക്കണമെന്നും നോട്ടീസിൽ എം.പി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

