ബംഗ്ല ബന്ധു ബി.എൻ.പി; താരീഖ് റഹ്മാൻ പ്രധാനമന്ത്രിയാകും
text_fieldsധാക്ക: ബംഗ്ലാദേശിൽ ശൈഖ് ഹസീന യുഗത്തിന് അന്ത്യം കുറിച്ച വിദ്യാർഥി പ്രക്ഷോഭത്തിനുശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിക്ക് (ബി.എൻ.പി) ചരിത്ര വിജയം. 300ൽ, മത്സരം നടന്ന 299 സീറ്റുകളിലെ ഫലം പുറത്തുവന്നപ്പോൾ ബി.എൻ.പി 209 സീറ്റുകൾ നേടി. എതിർകക്ഷിയായ ജമാഅത്തെ ഇസ്ലാമിക്ക് 68 സീറ്റാണ് ലഭിച്ചത്. പ്രക്ഷോഭം നയിച്ച വിദ്യാർഥി നേതാക്കൾ രൂപം നൽകിയ നാഷനൽ സിറ്റിസൺ പാർട്ടിക്ക് (എൻ.സി.പി) ആറ് സീറ്റും ലഭിച്ചു.
മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയ ബി.എൻ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. 17 വർഷത്തെ പ്രവാസത്തിനുശേഷം രാജ്യത്ത് തിരിച്ചെത്തിയ, ഖാലിദ സിയയുടെ മകനും പാർട്ടി നേതാവുമായ താരീഖ് റഹ്മാനായിരിക്കും പ്രധാനമന്ത്രി. പാർലമെന്റ് തെരഞ്ഞെടുപ്പിനു പുറമെ, ഇടക്കാല സർക്കാർ കൊണ്ടുവന്ന പരിഷ്കരണ നടപടികൾ സംബന്ധിച്ച ഹിത പരിശോധനയും (ജൂലൈ ചാർട്ടർ)നടന്നിരുന്നു. ഭൂരിപക്ഷം വോട്ടർമാരും പരിഷ്കരണത്തിന് അനുകൂലമായി വിധിയെഴുതി.
പുറത്താക്കപ്പെട്ട ഹസീനയുടെ അവാമി ലീഗിനെ വിലക്കിയ തെരഞ്ഞെടുപ്പിൽ ബി.എൻ.പിയും ജമാഅത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന മുന്നണിയും തമ്മിലായിരുന്നു പ്രധാന മത്സരം. തെരഞ്ഞെടുപ്പ് സർവേകളിലെല്ലാം ബി.എൻ.പിക്ക് മേധാവിത്വം പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നില്ല. പ്രതിപക്ഷത്തായെങ്കിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടുനിലയും സീറ്റുമാണ് ഡോ. ഷഫീഖുർറഹ്മാൻ നേതൃത്വം നൽകുന്ന ജമാഅത്തെ ഇസ്ലാമിക്ക് ലഭിച്ചത്. ഹസീനയുടെ ഭരണകാലത്ത് നിരോധിക്കപ്പെട്ട ജമാഅത്ത് 2024ലെ പ്രക്ഷോഭത്തിനുശേഷമാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമായത്.
സർക്കാറിന് ഞായറാഴ്ചയോടെ രൂപം നൽകുമെന്ന് ബി.എൻ.പി സെക്രട്ടറി ഫഖ്റുൽ ഇസ്ലാം പറഞ്ഞു. ജൂലൈ ചാർട്ടർ അംഗീകരിക്കുമെന്നും അതുപ്രകാരമുള്ള പരിഷ്കരണങ്ങൾക്ക് സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പ്രവർത്തകർക്കുനേരെ കൈയറ്റമുണ്ടായതായി എൻ.സി.പി നേതൃത്വം ആരോപിച്ചു.
ഹസീനയെ വിട്ടുതരാൻ ആവശ്യപ്പെടും -ബി.എൻ.പി
ധാക്ക: ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ തിരിച്ചയക്കാൻ ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശിൽ സർക്കാർ രൂപവത്കരണത്തിനൊരുങ്ങുന്ന ബി.എൻ.പി. പാർട്ടി എക്സിക്യൂട്ടിവ് അംഗവും തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിയുമായ സലാഹുദ്ദീൻ അഹ്മദാണ് ഇക്കാര്യം അറിയിച്ചത്. ‘‘അവർ (ശൈഖ് ഹസീന) വിചാരണ നേരിടേണ്ടതുണ്ട്. അതിനാൽ, എത്രയും വേഗം ഇന്ത്യയിൽനിന്ന് അവരെ ഇവിടെ എത്തിക്കണം. ഇക്കാര്യം ഇന്ത്യയോട് ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെടും. ഇത് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള വിഷയമാണ്’’ -ധാക്കയിലെ പാർട്ടി ഓഫിസിനുമുന്നിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

