ചൂട് സഹിക്കാൻ കഴിയുന്നില്ല... ബംഗളൂരുവിൽ വീടിന് തൊട്ടടുത്ത ഹോട്ടലിൽ എ.സി മുറിയെടുത്ത് യുവതി
text_fieldsബംഗളൂരു: നഗരത്തിൽ ചൂട് കുത്തനെ കൂടുന്ന സാഹചര്യത്തിൽ ചൂടിനെ നേരിടാൻ ലളിതവും എളുപ്പവുമായ, അസാധാരണ മാർഗം സ്വീകരിച്ച് യുവതി. വീടിന് തൊട്ടടുത്ത ഹോട്ടലിൽ മുറിയെടുത്തായിരുന്നു ചൂടിനെതിരെയുള്ള പ്രതിരോധം. നഗരത്തിൽ ചൂട് കൂടുമ്പോൾ തണുപ്പിക്കാനായി മാർഗങ്ങളൊന്നും ഇല്ലാതായതും വീട്ടിനുള്ളിൽ ചൂട് മൂലം അസ്വസ്ഥതകൾ വർധിച്ചതുമാണ് യുവതിയുടെ ഇത്തരമൊരു നീക്കത്തിന് കാരണം.
ബംഗളൂരു നിവാസിയായ പ്രിയ പാൽ ആണ് എ.സിയുടെ തണുപ്പ് ആസ്വദിക്കാനായി ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിൽ മുറിയെടുക്കുന്നതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. പുറത്തെ കൊടുംചൂടിൽനിന്ന് ആശ്വാസം തേടിയാണ് യുവതി എ.സിയുള്ള ഹോട്ടൽ മുറിയിലെത്തിയത്. വീട്ടിലെ ചൂട് നിയന്ത്രിക്കാൻ കഴിയുന്നില്ല, മഴ പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല, കൂളറോ എയർ കണ്ടീഷണറോ വാങ്ങാൻ ശ്രമിച്ചപ്പോൾ എങ്ങും അവ കിട്ടാനില്ല, വാങ്ങിയാൽ അവ കിട്ടാൻ ഏഴ് ദിവസമെങ്കിലും കാത്തിരിക്കണമെന്നും യുവതി പറയുന്നു.
കൂടാതെ ഉയർന്ന ഡിമാൻഡ് കാരണം തന്റെ പ്രദേശത്ത് കൂളിങ് ഉപകരണങ്ങൾ വാടകക്ക് കിട്ടാനില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഒടുവിൽ ഓൺലൈനായി ഒരു കൂളർ ബുക്ക് ചെയ്തുവെന്നും ഞായറാഴ്ച ഒരു ഹോട്ടലിൽ ചെലവഴിക്കാൻ തീരുമാനിക്കുക ആയിരുന്നുവെന്നും അവർ വിശദീകരിച്ചു. പുറത്തിറങ്ങുന്നതിനു പകരം ഹോട്ടലിൽ തന്നെ താമസിക്കാനും നെറ്റ്ഫ്ലിക്സ് കാണാനും വിശ്രമിക്കാനും തീരുമാനിച്ചതായും അവർ പറഞ്ഞു.
പ്രിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളൽ പെട്ടെന്ന് വൈറലായി. നിരവധി ഉപയോക്താക്കൾ നിലവിലെ ചൂടിനെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി കുറിച്ചു. ‘പവർ കട്ട് ഉള്ളപ്പോൾ ഇത് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു’ എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. ചെലവ് കണക്കുകൂട്ടി നോക്കുമ്പോൾ ഒരു എ.സി വാങ്ങുന്നതോ വാടകക്ക് എടുക്കുന്നതോ ആകും ലാഭമെന്ന് മറ്റൊരു ഉപയോക്താവും കമന്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

