കർണാടകയിലെ എസ്.ഐ.ആർ; ബംഗളുരുവിൽ പകുതിയോളം വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താവാൻ സാധ്യത
text_fieldsചീഫ് ഇലക്ടറൽ ഓഫീസർ വി. അൻപുകുമാർ
ബംഗളുരു: കർണാടകയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (SIR) കീഴിൽ ബംഗളൂരു നഗരത്തിലെ പകുതിയോളം വോട്ടർമാർ പട്ടികയിൽ നിന്ന് പുറത്താകാൻ സാധ്യതയെന്ന് റിപ്പോർട്ട്. എൻയുമറേഷൻ ഘട്ടത്തിന് ശേഷം നഗരത്തിലെ 1.03 കോടി വോട്ടർമാരിൽ 49.42 ലക്ഷത്തോളം പേരെയാണ് (ഏകദേശം 49.4 ശതമാനം) കാണാനില്ലാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ, ഇരട്ടിപ്പ് വന്നവർ എന്നീ അർത്ഥങ്ങൾ വരുന്ന 'ASDDO' (Absent, Shifted, Dead, Duplicate, or Other) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആകമാനം പരിശോധിക്കുമ്പോൾ ആകെയുള്ള 5.54 കോടി വോട്ടർമാരിൽ അഞ്ചിലൊന്ന് വരുന്ന 1.11 കോടിയോളം ആളുകളാണ് ASDDO ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആഗസ്ത് 17 ന് - പ്രസിദ്ധികരിക്കുന്ന കരട് വോട്ടർ പട്ടികയിൽ നിന്ന് ഇവരുടെ പേരുകൾ നീക്കം ചെയ്യപെഡസ്നുള്ള സാധ്യതയേറെയാണെന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ വി. അൻപുകുമാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ബംഗളൂരു നഗരത്തിലെ 28 അസംബ്ലി മണ്ഡലങ്ങളിൽ 10 ഇടങ്ങളിലും 50 ശതമാനത്തിലധികം വോട്ടർമാരും ഇത്തരത്തിൽ ഒഴിവാക്കപ്പെടൽ ഭീഷണിയിലാണ്. ബൊമ്മനഹള്ളി മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ ആകെയുള്ള വോട്ടർമാരുടെ 57.08 ശതമാനം (ഏകദേശം 2.76 ലക്ഷം പേർ) ASDDO വിഭാഗത്തിലാണ്. വിജയനഗർ (53.66%), ദസറഹള്ളി (53.55%), ബി.ടി.എം ലേഔട്ട് (53.43%), സി.വി. രാമൻ നഗർ (53.25%) എന്നിവയാണ് ഉയർന്ന തോതിൽ വോട്ടർമാർ പുറത്താകാൻ സാധ്യതയുള്ള മറ്റ് മണ്ഡലങ്ങൾ.
വോട്ടർമാർക്ക് മതിയായ വിവരമോ മുൻകൂട്ടി നോട്ടീസോ നൽകാതെയാണ് ഈ വിഭജനം നടക്കുന്നതെന്നും, ഇത് വലിയ രീതിയിലുള്ള വോട്ടവകാശ നിഷേധത്തിന് കാരണമാകുമെന്നും സിവിൽ സൊസൈറ്റി കൂട്ടായ്മകളും പ്രതിപക്ഷ പാർട്ടികളും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, തിരിച്ചറിഞ്ഞ ലിസ്റ്റുകൾ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയിട്ടുണ്ടെന്നും, തെറ്റായി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വിവരം തിരുത്താൻ അവസരമുണ്ടെന്നും സി.ഇ.ഒ വ്യക്തമാക്കി. ആഗസ്റ്റ് 17 മുതൽ ഒക്ടോബർ 15 വരെ നടക്കുന്ന വെരിഫിക്കേഷൻ ഘട്ടത്തിൽ വോട്ടർമാർക്ക് അംഗീകൃത രേഖകൾ സമർപ്പിച്ച് പേര് നിലനിർത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

