ബംഗളൂരു: ഫേസ്ബുക്കിൽ പ്രവാചക നിന്ദ പോസ്റ്റിട്ടതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ 35 പേർ കൂടി അറസ്റ്റിൽ. ബംഗളൂരു പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബംഗളൂരു സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 340 ആയി ഉയർന്നു.
അതേസമയം, ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയ കർഫ്യൂ ആഗസ്റ്റ് 18 വൈകീട്ട് ആറു വരെ നീട്ടി.
കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരീ പുത്രനായ നവീൻ ഫേസ്ബുക്കിൽ പ്രവാചക നിന്ദ പോസ്റ്റിട്ടതിനെ തുടർന്നാണ് ഡി.ജെ. ഹള്ളി കാവൽ ബൈരസാന്ദ്രയിലെ ജനം തെരുവിലിറങ്ങിയത്.
ഇതാണ് ബംഗളൂരുവിൽ സംഘർഷത്തിന് വഴിവെച്ചത്. നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകൾ നവീന്‍റെ കാറടക്കം നിരവധി വാഹനങ്ങൾ കത്തിച്ചു. എം.എൽ.എയുടെ വീടിനു നേരെയും കല്ലേറുണ്ടായി.
കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകളടക്കം തകർന്നു. നവീന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിലും ആളുകൾ തടിച്ചുകൂടി. ലാത്തിവീശിയിട്ടും പിന്മാറാതിരുന്ന അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നു പേർ മരിച്ചു. 60തോളം പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.