ബംഗളൂരു ഈസ്റ്റിലെ അക്രമം: കുറ്റപത്രം സമർപ്പിച്ചില്ല; 115 പ്രതികൾക്ക് ജാമ്യം
text_fieldsബംഗളൂരു: പ്രവാചക നിന്ദ പോസ്റ്റിനെ തുടർന്ന് ബംഗളൂരു ഇൗസ്റ്റ് മേഖലയിൽ കഴിഞ്ഞ വർഷം അരങ്ങേറിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായ 115 പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
അന്വേഷണത്തിന് മൂന്നുമാസം കൂടി അനുവദിച്ച എൻ.െഎ.എ പ്രത്യേക കോടതി ഉത്തരവും കേസ് പരിഗണിച്ച ജസ്റ്റിസ് വിശ്വജിത്ത് ഷെട്ടി റദ്ദാക്കി. പ്രതികളുടെ വാദം കേൾക്കാൻ അവസരം നൽകാതെയായിരുന്നു ജനുവരി അഞ്ചിന് എൻ.െഎ.എ കോടതിയുടെ ഉത്തരവെന്നും അന്വേഷണ കാലാവധി നീട്ടുന്ന വിവരം പ്രതികളെ എൻ.െഎ.എ അറിയിച്ചിട്ടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവുള്ള കാര്യവും കോടതി ഒാർമിപ്പിച്ചു.
2020 ആഗസ്റ്റ് 12നായിരുന്നു പ്രതികളുടെ അറസ്റ്റ്്. നവംബർ ഒമ്പതിനകമായിരുന്നു അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത്. അന്വേഷണ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് നവംബർ മൂന്നിന് അന്വേഷണ സംഘം എൻ.െഎ.എ പ്രത്യേക കോടതിയെ സമീപിച്ചു. കോടതി ഇൗ ആവശ്യം അംഗീകരിച്ചതോടെ പ്രതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പുലികേശി നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരീ പുത്രനും ബി.ജെ.പി അനുയായിയുമായ പി. നവീൻ പ്രവാചകൻ മുഹമ്മദിനെ അവഹേളിക്കുന്ന വിധത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് അക്രമത്തിന് വഴിവെച്ചത്. ആഗസ്റ്റ് 11 ന് രാത്രി എസ്.ഡി.പി.െഎ നേതാവ് മുസമ്മിൽ പാഷയുടെ നേതൃത്വത്തിൽ നവീനെതിരെ പരാതി നൽകി. ഇൗ പരാതിയിൽ പൊലീസ് നടപടിയെടുക്കാൻ വൈകിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം.
നവീെൻറ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ജനം ഡി.ജെ. ഹള്ളി, കെ.ജി ഹള്ളി മേഖലയിലായി നടത്തിയ അക്രമത്തിൽ പുലികേശി നഗർ എം.എൽ.എയുടെ വീടിനും പൊലീസ് സ്റ്റേഷനും റോഡരികിൽ നിർത്തിയിട്ട നിരവധി വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. വ്യാപക തീവെപ്പുമായി അഴിഞ്ഞാടിയ അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ സംഭവസ്ഥലത്തും ഒരാൾ പിന്നീട് ആശുപത്രിയിലും മരണപ്പെട്ടിരുന്നു. മിക്ക പ്രതികൾക്കെതിരെയും പൊലീസ് യു.എ.പി.എ ചുമത്തിയിട്ടുണ്ട്്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തവയിൽ രണ്ട് കേസുകൾ 2020 സെപ്തംബറിൽ എൻ.െഎ.എ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

