ബംഗളൂരു ദുരന്തം: സ്മിതക്കും ലതക്കും രാമമംഗലത്തിന്‍റെ കണ്ണീർ വിട
text_fieldsബംഗളൂരുവിൽ അപകടത്തിൽ മരിച്ച കുടുംബശ്രീ അംഗങ്ങളായ സ്മിത, ലത എന്നിവർക്ക് രാമമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ കലക്ടർ ജി പ്രിയങ്ക അന്തിമോപചാരം അർപ്പിക്കുന്നു
പിറവം: ബംഗളൂരുവിൽ ആശുപത്രി മതിൽ ഇടിഞ്ഞ് മരിച്ച രാമമംഗലം കിഴുമുറി തേക്കെ ഇറുമ്പിൽ സ്മിത (49)ക്കും രാമമംഗലം മനക്കകുടിയിൽ ലത (50)ക്കും നാടിന്‍റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. രാമമംഗലം ഗ്രാമത്തെയാകെ ദുഃഖത്തിലാഴ്ത്തിയ ഇരുവരുടെയും വേർപാട് ഒരു പ്രദേശത്തിന്‍റെ തേങ്ങലായി. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കനത്ത മഴയിൽ ബംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞാണ് വിനോദയാത്രാ സംഘാംഗങ്ങളായ സ്മിതയും ലതയും ഉൾപ്പെടെ ഏഴ് പേർ മരിച്ചത്. മൂന്ന് മലയാളികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.
കുടുംബശ്രീ യൂനിറ്റിൽനിന്നുള്ള 56 അംഗ വിനോദയാത്രാ സംഘത്തിൽപ്പെട്ടവരായിരുന്നു സ്മിതയും ലതയും. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ രണ്ട് ആംബുലൻസുകളിലായി റോഡ് മാർഗമാണ് ഇരുവരുടെയും മൃതദേഹങ്ങൾ രാമമംഗലത്ത് എത്തിച്ചത്. രാമമംഗലം പഞ്ചായത്ത് ഓഫിസിനു മുന്നിൽ തയാറാക്കിയ പന്തലിലായിരുന്നു പൊതുദർശനം. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ കുടുംബശ്രീ അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ അന്തിമോപചാരം അർപ്പിച്ച ശേഷം മൃതദേഹങ്ങൾ രണ്ടരയോടെ വീടുകളിലെത്തിച്ചു. പ്രിയ കൂട്ടുകാരികളുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ സഹപ്രവർത്തകർ പലരും പൊട്ടിക്കരഞ്ഞു.
അനൂപ് ജേക്കബ് എം.എൽ.എ, ജില്ലാ കലക്ടർ ജി. പ്രിയങ്ക, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി. കൃഷ്ണൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെവിൻ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി എസ് സതീഷ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ ഒട്ടേറെ പേർ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാനെത്തി. വൈകിട്ട് നാലരയോടെ ലതയുടെ മൃതദേഹം മേമുറി പൊതുശ്മശാനത്തിലും സ്മിതയുടേത് വീട്ടുവളപ്പിലും സംസ്കരിച്ചു.
ദുരന്തത്തിൽ പരിക്കേറ്റ രാമമംഗലം സ്വദേശികളായ പ്രീതി രാജു (51), മായാ മണികണ്ഠൻ(51), സിജ അനിൽ (45) എന്നിവർ ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയാണ് സംഘം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനമാർഗം ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്. സംഘാംഗങ്ങൾ ഷോപ്പിങ്ങിനായി അപകടമുണ്ടായ പ്രദേശത്തെ വിവിധ ഭാഗങ്ങളിലായിരുന്നു. രാമമംഗലം സ്വദേശികളായ അഞ്ച് പേർ ഒരു ഗ്രൂപ്പായാണ് ഷോപ്പിങിന് പോയത്. ഇവർ മഴയത്ത് കയറി നിന്ന ഭാഗത്താണ് മതിലിടിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

