ടെക്കി യുവതിയുടെ മരണം കൊലപാതകം; ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ കൊല; പ്രതി 18കാരൻ
text_fieldsകൊല്ലപ്പെട്ട ഷർമിള ഡി.കെ, പ്രതി കർണാൽ കുറായ
ബംഗളൂരു: ബംഗളൂരുവിൽ വാടകവീട്ടിൽ സോഫ്റ്റ് വെയർ എഞ്ചിനീയറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ലൈംഗിക പീഡനം ചെറുക്കുന്നതിനിടെ ശ്വാസം മുട്ടിച്ചായിരുന്നു 18കാരനായ പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ആദ്യം തീപ്പിടിത്തത്തെ തുടർന്ന് ശ്വാസംമുട്ടി മരിച്ചതായി സംശയിച്ച കേസ്, ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് കൊലപാതകമെന്ന് തെളിയിച്ചത്. ജനുവരി മൂന്നിനായിരുന്നു ബംഗളൂരു രാമമൂർത്തി നഗറിലെ സുബ്രമണിയിൽ വാടക അപാർട്മെന്റിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ഷർമിള ഡി.കെ (34) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാർഥിയായ പ്രതി കർണാൽ കുറായെ (18) പൊലീസ് അറസ്റ്റു ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
തീപ്പിടിച്ച വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. ശാസ്ത്രീയമാർഗങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക സാധ്യതയിലേക്ക് പൊലീസ് തിരിയുന്നത്. തുടർന്ന്, സമീപ വാസിയായ കർണാൽ കുറായെ പൊലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞു.
ജനുവരി മൂന്നിന് രാത്രി ഒമ്പത് മണിയോടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ലക്ഷ്യമിട്ട് യുവാവ് വീട്ടിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. വീടിന്റെ ൈസ്ലഡിങ് ജനൽ നീക്കി അകത്തുകയറിയ യുവാവ് യുവതിയെ കടന്നു പിടിച്ച് കീഴടക്കി. ലൈംഗിക പീഡനത്തെ യുവതി എതിർത്തപ്പോൾ ബലമായി വായും മൂക്കും മൂടികെട്ടുകയും മർദിക്കുകയും ചെയ്തു. ഇതിനിടെ യുവതിക്ക് രക്തസ്രാവവുമുണ്ടായി. പിന്നാലെ, രക്ഷപ്പെടാൻ ശ്രമിച്ച പ്രതി, അതിന് മുമ്പ യുവതിയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ കിടക്കയിലിട്ട് തീയിട്ട് തെളിവു നശിപ്പിക്കാനും ശ്രമിച്ചു. അർധ അബോധാവസ്ഥയിലായ യുവതി അവിടെവെച്ച് കൊല്ലപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ പ്രതി യുവതിയുടെ മൊബൈൽ ഫോണും കവർന്നതായി പൊലീസ് പറഞ്ഞു.
പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ഭാരതീയ ന്യായ് സംഹിത 103 (1) കൊലപാതകം, 66, 238 തെളിവ് നശിപ്പിക്കൽ എന്നീ കേസുകൾ ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

