ബംഗളൂരുവിൽ യുവഎഞ്ചിനിയർ കുത്തേറ്റു മരിച്ചു
text_fieldsബംഗളൂരു: സൗത്ത് ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനിയർ കുത്തേറ്റുമരിച്ചു. സോഫ്റ്റ്വെയർ കമ്പനിയായ ആക്സെഞ്ചറിലെ എഞ്ചിനിയർ പ്രണയ് മിശ്ര(28) ആണ് കുത്തേറ്റു സാമരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. തവരകരെ മെയിൻ റോഡിലെ ചോക്ളേറ്റ് ഫാക്ടറിക്ക് സമീപത്തുവെച്ച് രണ്ട് ബൈക്കിലായി എത്തിയ സംഘം പ്രണയിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഭുവനേശ്വർ സ്വദേശിയായ പ്രണയ് തവരകരെയിലാണ് താമസിച്ചിരുന്നത്. പുലർച്ചെ സമീപത്ത് താമസിക്കുന്ന പെൺ സുഹൃത്തിനെ കാണാനായി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ അക്രമികൾ കുത്തിപരിക്കേൽപ്പിക്കുകയും ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിടെ പിന്തുടർന്ന് വെട്ടുകയുമായിരുന്നു. വയറിലും നെഞ്ചിലും കഴുത്തിലും കുത്തേറ്റ് വീണ പ്രണയിനെ യാത്രക്കാർ ഉടൻ സെൻറ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രണയിയുടെ സഹോദരി പ്രാചിയും ബംഗളൂരുവിൽ എഞ്ചിനിയറായി ജോലിചെയ്തു വരികയാണ്. സഹോദരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവസ്ഥലത്തു നിന്ന് ഇയാളുടെ പേഴ്സും മൊബൈലും സ്കൂട്ടറും കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമായിരിക്കാമെന്ന് പൊലീസ് പറഞ്ഞു.
