ആമസോണിൽ ഓർഡർ ചെയ്തത് 1.86 ലക്ഷം രൂപയുടെ സ്മാർട് ഫോൺ; കിട്ടിയത് മാർബിൾ കഷ്ണം; അൺബോക്സ് റെക്കോഡ് ചെയ്തത് ഭാഗ്യം... -വിഡീയോ
text_fieldsസ്മാർട് ഫോണിന് പകരം ലഭിച്ച മാർബിൾ കഷ്ണം
ബംഗളൂരു: ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വഴി ഓർഡർ ചെയ്ത വസ്തുക്കളുടെ പേരിൽ പലതരം തട്ടിപ്പുകൾ കേട്ടിട്ടുണ്ട്. വിശ്വാസ്യതയുള്ള സ്ഥാപനങ്ങൾ വഴി വലിയ വിലയുടെ ഉൽപന്നങ്ങൾക്ക് ഓർഡർ ചെയ്ത് ചതിക്കപ്പെടുന്നവരും കുറവല്ല.
ഇത്തരത്തിൽ ഏറ്റവും പുതിയ കേസാണ് ഇപ്പോൾ ബംഗളുരുവിൽ റിപ്പോർട്ട് ചെയ്തത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന പ്രേമാനന്ദ് എന്ന യുവാവ് ആമസോൺ വഴിയാണ് ഒക്ടോബർ 14ന് 1.86 ലക്ഷം വിലയുള്ള സാംസങ് ഗാലക്സിയുടെ ഇസഡ് ഫോൾഡ് സെവൻ സ്മാർട് ഫോണിന് ഓർഡർ ചെയ്തത്. എച്ച്.ഡി.എഫ്.സി ക്രെഡിറ്റ്കാർഡ് ഉപയോഗിച്ച് മുഴുവൻ തുകയും മുൻകൂറായി തന്നെ അടച്ചു.
ഒക്ടോബർ 19ന് വൈകുന്നേരമാണ് ഓർഡർ ചെയ്ത ഫോൺ കൈയിലെത്തിയത്. കിട്ടിയ ഉടൻ വീഡിയോ റെക്കോഡിനെ സാക്ഷിയാക്കി പെട്ടി തുറന്ന പ്രേമാനന്ദ് ഞെട്ടിപ്പോയി. കനമുള്ള പെട്ടിയിൽ ഭദ്രമായി പൊതിഞ്ഞുവെച്ചത് വെള്ള നിറത്തിലെ ഒരു മാർബിൾ കഷ്ണം.
ഉടൻ തന്നെ ആമസോണിലും, നാഷണൽ സൈബർക്രൈം റിപ്പോർട്ടിങ് പോർട്ടലിലും, ബംഗളുരുവിലെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി അന്വേഷണവും ആരംഭിച്ചു.
ദീപാവലി ആഘോഷത്തിന് മുമ്പ് ഏറെ ആഗ്രഹിച്ചായിരുന്നു ഫോണിന് ഓർഡർ ചെയ്തതെന്നും, ചതിക്കപ്പെട്ടതോടെ എല്ലാ ആഘോഷവും നഷ്ടമായതായും പ്രേമാനന്ദ് പറഞ്ഞു. ആമസോൺ ഉൾപ്പെടെ ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വഴി ഓർഡർ ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും തന്റെ അനുഭവത്തിൽ പ്രേമാനന്ദ് പറയുന്നു.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന ആരംഭിച്ച ആമസോൺ, ഉപഭോക്താവിന്റെ പണം മുഴുവനായും തിരികെ നൽകുമെന്ന് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
അൺബോക്സിങ് റെക്കോഡ് ചെയ്താൽ ദുഃഖിക്കേണ്ട
ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വഴി വാങ്ങുന്ന ഉൽപന്നങ്ങളുടെ പെട്ടി തുറക്കുമ്പോൾ വീഡിയോ റെക്കോഡ് ചെയ്യണമെന്നാണ് കമ്പനി അധികൃതർ നൽകുന്ന നിർദേശം. ഫ്ലിപ് കാർട് ഉൾപ്പെടെ പ്ലാറ്റ്ഫോമുകൾ ഇത് ഉപഭോക്താക്കളോട് നേരത്തെ തന്നെ വ്യക്തമാക്കുന്നുണ്ട്. സമാനമായ തട്ടിപ്പിന് ഇരയായാൽ പ്ലാറ്റ്ഫോം വെബ്സൈറ്റിൽ പരാതിപ്പെടുക, ഒപ്പം അടുത്തുള്ള പൊലീസ് സ്റ്റേഷനിലും പരാതി നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

