ബംഗളൂരു ദുരന്തം: മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ
text_fieldsബംഗളൂരു: കർണാടകയിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരവാദികളായവരെ കണ്ടെത്താൻ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെ.എസ്.സി.എ) ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കും. കെ.എസ്.സി.എയുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായോ? അന്വേഷണത്തിൽ എന്തു കണ്ടെത്താമെന്ന് നോക്കാം. ദുരന്തം അപ്രതീക്ഷിതമായിരുന്നു. വിധാൻ സൗധക്ക് മുന്നിൽ ഒരു ലക്ഷത്തിലധികം ആളുകൾ തടിച്ചുകൂടി. അവിടെ ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല. എന്നാൽ, ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ദുരന്തം സംഭവിച്ചത്. കെ.എസ്.സി.എയോ സർക്കാറോ അത് പ്രതീക്ഷിച്ചില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 35,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
സ്റ്റേഡിയത്തിന്റെ ശേഷിയേക്കാൾ അൽപം കൂടുതലായിരിക്കും ജനക്കൂട്ടം എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, രണ്ട്-മൂന്നു ലക്ഷം പേർ എത്തി. സ്റ്റേഡിയത്തിന് ചെറിയ ഗേറ്റുകളാണുള്ളത്. ആളുകൾ ആ ഗേറ്റുകളിലൂടെ അകത്തുകടക്കാൻ ശ്രമിച്ചു. അവർ ഗേറ്റുകൾ പോലും തകർത്തു. അതുകൊണ്ടാണ് തിക്കിലും തിരക്കിലും പെട്ടത്. ഇത്രയും വലിയ ജനക്കൂട്ടം തടിച്ചുകൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ല, പരിക്കേറ്റ 33 പേരിൽ ആരും അപകടത്തിലല്ലെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് സിദ്ധരാമയ്യ പറഞ്ഞു. ഔട്ട്പേഷ്യന്റ് പരിചരണം ലഭിച്ചവർ ഉൾപ്പെടെ ആകെ 47 പേർക്ക് പരിക്കേറ്റു. വിധാൻ സൗധയുടെ ഗ്രാൻഡ് സ്റ്റെപ്പിൽ ആർ.സി.ബി ടീമിനായി അനുമോദന പരിപാടി നടത്തുന്നതിനെതിരെ പൊലീസിൽനിന്ന് ഒരു ഉപദേശവും ലഭിച്ചിട്ടില്ല. പരിപാടി സംഘടിപ്പിച്ചത് കെ.എസ്.സി.എ ആയിരുന്നു. വിധാൻ സൗധയിൽ ഒരു പരിപാടിക്ക് അവർ അനുമതി തേടുകയും അത് നൽകുകയും ചെയ്തു.
ദുരന്തത്തെ ന്യായീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇതു സംഭവിക്കാൻ പാടില്ലായിരുന്നെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പരിക്കേറ്റ 33 പേരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. കൂടുതൽ പൊലീസുകാരെ വിന്യസിക്കണമായിരുന്നോ എന്ന് ചോദിച്ചപ്പോൾ, "ബംഗളൂരു നഗരത്തിൽ ലഭ്യമായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു" എന്ന് സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസ് സർക്കാർ വേണ്ടത്ര തയാറെടുപ്പുകൾ നടത്തിയിട്ടില്ലെന്ന പ്രതിപക്ഷ ബി.ജെ.പിയുടെ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ സിദ്ധരാമയ്യ വിസമ്മതിച്ചു. "ഇത്തരം നിരവധി തിക്കിലും തിരക്കിലും പെട്ടിട്ടുണ്ട്. കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 50-60 പേർ മരിച്ചുവെന്ന് പറഞ്ഞു കൊണ്ട് ഇപ്പോൾ സംഭവിച്ചതിനെ ന്യായീകരിക്കാൻ കഴിയുമോ?" -സിദ്ധരാമയ്യ ചോദിച്ചു. തനിക്ക് ഇവിടെ രാഷ്ട്രീയം കളിക്കാൻ താൽപര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

