ഒറിജിനൽ മരുന്നുകൾക്കൊപ്പം വ്യാജനും; മുഖ്യസൂത്രധാരനും സഹായിയും പിടിയിൽ
text_fieldsപ്രതീകത്മക ചിത്രം
ബെംഗളൂരു: കർണാടകയിൽ വ്യാജ മരുന്ന് നിർമാണ-വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംശയം തോന്നാതിരിക്കാൻ ഒറിജിനൽ മരുന്നുകൾക്കൊപ്പം വ്യാജ മരുന്നുകൾ കലർത്തിയാണ് ആശുപത്രികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും വിതരണം ചെയ്തിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചെന്നൈ ആസ്ഥാനമായുള്ള 'ഡി.എം ഫാർമ' എന്ന വിതരണ കമ്പനിയെ മറയാക്കിയാണ് ഈ വൻ തട്ടിപ്പ് അരങ്ങേറിയത്. കേസിൽ മുഖ്യസൂത്രധാരനായ പ്രശാന്ത് രാജൻബാബുവിന്റെ അടുത്ത കൂട്ടാളിയും പങ്കാളിയുമായ ബാലസുബ്രഹ്മണ്യയെ എസ്.ഐ.ടി ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.
ശിവമോഗ സ്വദേശിയും ബെംഗളൂരു പപ്പറെഡ്ഡിപാളയയിൽ താമസക്കാരനുമായ പ്രശാന്ത് രാജൻബാബുവിനെ കഴിഞ്ഞ തിങ്കളാഴ്ച ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ചെന്നൈയിൽ വെച്ച് ബാലസുബ്രഹ്മണ്യ വലയിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിൽ എത്തിച്ചു. പ്രശാന്തിന്റെ ഭാര്യയും ബാലസുബ്രഹ്മണ്യയും ചേർന്നാണ് 2021-ൽ ചെന്നൈയിൽ ഡി.എം ഫാർമ സ്ഥാപിച്ചത്.
തട്ടിപ്പിന്റെ വഴികൾ: ഫാം ഹൗസിലെ വ്യാജ ലാബ്
ന്യൂഡൽഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ പത്ത് വർഷത്തിലേറെ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്ത പ്രശാന്ത് രാജൻബാബുവിന് ഫാർമസ്യൂട്ടിക്കൽ വിപണിയെക്കുറിച്ചും ആശുപത്രികളിലെ മരുന്ന് ആവശ്യകതയെക്കുറിച്ചും വലിയ ലാഭവിഹിതത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. വിപണിയിലെ ഡിമാൻഡ് മുതലെടുത്ത് വൻലാഭം കൊയ്യാനാണ് ഇയാൾ വ്യാജ മരുന്ന് നിർമാണത്തിലേക്ക് തിരിഞ്ഞത്.
പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ലേബലുകൾ അതേപടി വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി 2025-ൽ ബെംഗളൂരു സൗത്ത് ജില്ലയിലെ തവരക്കരെക്കടുത്ത് ഒരു ഫാം ഹൗസ് പാട്ടത്തിനെടുക്കുകയും അവിടെ രഹസ്യമായി വ്യാജ മരുന്നുകൾ നിർമിക്കാൻ തുടങ്ങുകയുമായിരുന്നു. ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇതിനായുള്ള അസംസ്കൃത വസ്തുക്കൾ എത്തിച്ചിരുന്നത്. ഓസ്‌ട്രേലിയൻ കമ്പനിയുടേത് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ മരുന്നുകളാണ് ഡി.എം ഫാർമ, കൃപ ഫാർമ തുടങ്ങിയ ഏജൻസികൾ വഴി നഗരത്തിലെ പ്രമുഖ ആശുപത്രികളിലേക്കും ഫാർമസികളിലേക്കും എത്തിച്ചിരുന്നത്.
ആശുപത്രികൾക്കും നോട്ടീസ്; വിതരണക്കാർ നിരീക്ഷണത്തിൽ
പ്രതികളിൽ നിന്ന് മരുന്നുകൾ വാങ്ങിയ ആശുപത്രി അധികൃതരെയും എസ്.ഐ.ടി ചോദ്യം ചെയ്യും. മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും വിശദീകരണങ്ങളും ആവശ്യപ്പെട്ട് ആശുപത്രികൾക്ക് നോട്ടീസ് അയച്ചു കഴിഞ്ഞു. ഡീലർമാർ, വിതരണക്കാർ, വാങ്ങിയവർ എന്നിവരടങ്ങുന്ന വിതരണ ശൃംഖലയെക്കുറിച്ചും പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.
വ്യാജ മരുന്നുകളുടെ വിതരണത്തിലും വിൽപ്പനയിലും പങ്കാളികളായെന്ന് കണ്ടെത്തിയതിനെ തുടർന്ന് കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.എസ്.ഡി.എ) 16 മൊത്ത-ചില്ലറ വിതരണക്കാരുടെ ലൈസൻസുകൾ അടുത്തിടെ റദ്ദാക്കിയിരുന്നു. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ 'ഫൈസറി'ന്റെ നെലമംഗലയിലെ ഡിപ്പോ ഉൾപ്പെടെ മറ്റ് എട്ട് സ്ഥാപനങ്ങളുടെ ലൈസൻസും അധികൃതർ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

