ക്രോക്സിനുള്ളിൽ വിഷപ്പാമ്പ്; കടിയേറ്റ് യുവ ഐ.ടി ജീവനക്കാരന് ദാരുണാന്ത്യം
text_fieldsപ്രതീകാത്മക ചിത്രം
ബംഗളുരു: ക്രോക്സ് ചെരിപ്പിനുള്ളിൽ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം. ബംഗളുരു ബന്നെർഖട്ട രംഗനാഥ ലേയൗട്ട് സ്വദേശി മഞ്ജു പ്രകാശാണ് മരിച്ചത്.
ടി.സി.എസ് ജീവനക്കാരനായ പ്രകാശ് സമീപത്തുള്ള കരിമ്പുകട സന്ദർശിച്ച ശേഷം ശനിയാഴ്ച 12.45 ഓടെയാണ് വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് ധരിച്ചിരുന്ന ക്രോക്സ് ചെരുപ്പ് പുറത്തഴിച്ചുവെച്ച ശേഷം വിശ്രമത്തിനായി മുറിയിലേക്ക് പോവുകയായിരുന്നു.
അൽപസമയത്തിന് ശേഷം, ചെരുപ്പിന് സമീപം പാമ്പ് ചത്ത് കിടക്കുന്നത് കണ്ട കുടുംബാംഗങ്ങൾ മുറിയിലെത്തി പരിശോധിച്ചതോടെ, പ്രകാശിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
യുവാവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നുവെന്നും കാലിലെ മുറിവിൽ നിന്ന് രക്തം പൊടിയുന്നുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. തുടർന്ന്, സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രകാശിനെ രക്ഷപ്പെടുത്താനായില്ല.
2016-ൽ ഉണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പ്രകാശ് കാലിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. സംഭവത്തിന് ശേഷം യുവാവിന് ഒരുകാലിൽ സംവേദനക്ഷമത ഇല്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതുകൊണ്ട് പാമ്പുകടിച്ചിട്ടും പ്രകാശ് അറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

