പക്വമായ പെരുമാറ്റവും കരുതലും; മാട്രിമോണി സൈറ്റിൽ പരിചയപ്പെട്ട യുവാവ് 59കാരി അധ്യാപികയിൽനിന്ന് തട്ടിയത് രണ്ടു കോടി രൂപ
text_fieldsബംഗളൂരു: മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട 59കാരി അധ്യാപികയിൽനിന്ന് യുവാവ് തട്ടിയെടുത്തത് രണ്ടു കോടി രൂപ. 2.27 കോടി രൂപയാണ് ആകെ നഷ്ടമായതെന്ന് ബംഗളൂരു പൊലീസ് പറഞ്ഞു.
വിധവയായ അധ്യാപികക്ക് ഒരു മകനുണ്ട്. എന്നാൽ മകൻ ഇവരുടെ കൂടെയല്ല താമസം. ഒറ്റയ്ക്കായതിനാൽ ജീവിത പങ്കാളി വേണമെന്ന് ആഗ്രഹിച്ചാണ് സ്ത്രീ മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തത്. 2019 ഡിസംബറിലാണ് അറ്റ്ലാന്റയിൽ താമസിക്കുന്ന യു.എസ് പൗരനായ അഹൻ കുമാർ എന്ന വ്യക്തിയുമായി പരിചയപ്പെട്ടതെന്ന് അധ്യാപിക പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇസ്താംബൂളിലെ കമ്പനിയിൽ ഡ്രില്ലിങ് എൻജിനീയർ ആണെന്നാണ് പരിചയപ്പെടുത്തിയതത്രെ. സൗഹൃദം സ്ഥാപിച്ച ഇയാൾ കൂടുതൽ അടുക്കുകയും അധ്യാപികയെ ഭാര്യ എന്ന് അഭിസംബോധന ചെയ്യാനാരംഭിക്കുകയും ചെയ്തിരുന്നു. കാലക്രമേണ സൗഹൃദം വളർന്നുവെന്നും അയാൾ തന്റെ പങ്കാളിയാകാൻ സമ്മതിച്ചുവെന്നും അധ്യാപിക പരാതിയിൽ പറയുന്നു. പക്വമായ പെരുമാറ്റവും കരുതലുള്ള മനോഭാവവുമാണ് തന്നെ ആകർഷിച്ചതെന്നും യുവതി മൊഴി നൽകി.
2020 ജനുവരിയിൽ ഭക്ഷണം വാങ്ങാൻ പണമില്ലെന്ന് പറഞ്ഞാണ് യുവാവ് പണം വാങ്ങിത്തുടങ്ങിയത്. യുവാവ് നൽകിയ അക്കൗണ്ടിലേക്ക് ഓൺലൈൻ ഇടപാട് വഴി അധ്യാപിക പണം അയക്കുകയായിരുന്നു. ചികിത്സാ ചെലവുകൾ, ജീവിതച്ചെലവ്, അറ്റകുറ്റപ്പണി, ഉദ്യോഗസ്ഥർക്ക് നൽകേണ്ട പിഴ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞ് യുവാവ് കൂടുതൽ പണം ചോദിച്ചുകൊണ്ടിരുന്നു. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ വഴി യുവാവിന് ആകെ 2.27 കോടി രൂപ പണം കൈമാറിയതായി എഫ്.ഐ.ആറിൽ പറയുന്നു.
പണം തിരികെ നൽകാമെന്ന് യുവാവ് പലതവണ പറഞ്ഞെങ്കിലും ലഭിച്ചില്ലെന്ന് സ്ത്രീ പറയുന്നു. ഏറ്റവും ഒടുവിൽ 3.5 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് പൊലീസിൽ പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ ഐ.ടി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

