ഗൗരി ലങ്കേഷ് വധം: പൊലീസ് ജനങ്ങളുടെ സഹായം തേടി
text_fieldsബംഗളൂരു: ഗൗരി ലങ്കേഷ് വധത്തിൽ പ്രത്യേക അന്വേഷണ സംഘം ജനങ്ങളുടെ സഹായം തേടി. കൊലപാതകത്തിന്‍റെ അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങൾ കൈമാറാൻ പ്രത്യേക അന്വേഷണ സംഘം ജനങ്ങളോട് അഭ്യർഥിച്ചു. വിവരങ്ങൾ കൈമാറാനുള്ള ഫോൺ നമ്പറും ഇമെയിൽ അഡ്രസും ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷ് സ്വന്തം വീട്ടിൽ വെച്ച് വെടിവെച്ച് കൊല്ലപ്പെട്ട് ഏകദേശം മൂന്ന് ദിവസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുന്നത്. 094800202 എന്ന ഫോൺ നമ്പറിലോ sit.glankesh@ksp.gov.in എന്ന ഇ മെയിലിലോ ബന്ധപ്പെടാനാണ് സംഘം നിർദേശിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചേക്കുമെന്ന പ്രതീക്ഷയിൽ ഗൗരി ലങ്കേഷിന്‍റെ അടുത്ത സുഹൃത്തുക്കളേയും ജേണലിസ്റ്റുകളേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഞായറാഴ്ച ഗൗരിയുടെ അമ്മ വീടിനടുത്ത് ഒരാളെ കണ്ടതായി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരി കവിത ലങ്കേഷ് പറഞ്ഞു.
ഹെൽമെറ്റ് ധരിച്ചതിനാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ അക്രമിയുടെ മുഖം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ രേഖാചിത്രം തയാറാക്കി വരികയാണെന്നും പൊലീസ് അറിയിച്ചു.
രാജരാജേശ്വരി നഗറിൽ താമസിക്കുന്ന ആരുംതന്നെ ഇതുവരെ സംഭവത്തെക്കുറിച്ച് പറയാൻ തയാറായി മുന്നോട്ട് വന്നിട്ടില്ല. വെടിയൊച്ച കേട്ട് പടക്കം പൊട്ടുന്നതാണെന്നാണ് കരുതിയതെന്നും ഡിന്നർ കഴിച്ചുകൊണ്ടിരിക്കെ പുറത്തുവന്ന് നോക്കിയപ്പോൾ കണ്ടത് ഗൗരി രക്തത്തിൽ കുളിച്ച് കിടക്കുന്നതാണെന്നുമാണ് അയൽക്കാർ നൽകിയ മൊഴി.
കൊലപാതകം വ്യക്തിപരമായ കാരണങ്ങളാലല്ലെന്നും ഇടതുപക്ഷത്തുനിന്ന് പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകയെ കൊന്നത് അവരുടെ ആശയങ്ങൾ ഭയക്കുന്നവർ തന്നെയാണെന്നതിൽ സംശയില്ലെന്നും സഹോദരി കവിത ങ്കേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
