ബംഗളൂരുവിൽ തിരംഗ മാർച്ചിന് അനുമതിയില്ല; പൊലീസിന്റെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിജെപി
text_fieldsബംഗളൂരു: ബംഗളൂരു ടൗൺഹാളിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഇന്ന് വൈകീട്ട് നടത്താൻ നിശ്ചയിച്ചിരുന്ന തിരംഗ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള പ്രകടനങ്ങൾക്കോ ഫ്രീഡം പാർക്ക് മാത്രമാണ് നിശ്ചയിക്കപ്പെട്ട സ്ഥലം എന്ന് വ്യക്തമാക്കിയാണ് അധികൃതരുടെ നടപടി.
ടൗൺഹാളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.ജെ.പി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിനെ തുടർന്നാണ് അനുമതി നൽകാത്തതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതിഷേധങ്ങൾക്കായുള്ള ഔദ്യോഗിക സ്ഥലം ഫ്രീഡം പാർക്ക് ആണ്. അതിനാൽ ടൗൺഹാളിലെ പ്രകടനത്തിന് ഞങ്ങൾ അനുമതി നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, മാർച്ചിനുള്ള അനുമതി സംബന്ധിച്ച് പൊലീസിൽ നിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സി.ജെ.പി കർണാടക കോഓഡിനേറ്റർ രാഹുൽ ജാഗ്രത പറഞ്ഞു.
‘‘ഞങ്ങൾ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു പ്രതിഷേധമല്ല, മറിച്ച് ടൗൺഹാളിൽ നിന്ന് കെംപെഗൗഡ റോഡിലെ മൈസൂർ ബാങ്കിന് സമീപമുള്ള ക്വിറ്റ് ഇന്ത്യ സ്മാരകം വരെ നടത്തുന്ന സമാധാനപരമായ തിരംഗ മാർച്ചാണ്. 200 മുതൽ 300 വരെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ജെ.പി, ജാഗ്രത കർണാടക, മൈ വോട്ട് മൈ റൈറ്റ് എന്നീ മൂന്ന് സംഘടനകൾ ചേർന്നാണ് മാർച്ച് സംഘടിപ്പിക്കുന്നത്’’ -അദ്ദേഹം വ്യക്തമാക്കി.
മാർച്ച് സമാധാനപരമായി മുന്നോട്ട് കൊണ്ടുപോകാൻ പൊലീസ് അനുവദിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അനുമതിയെ കുറിച്ച് പൊലീസ് ഇതുവരെ ഞങ്ങളെ അറിയിച്ചിട്ടില്ലെന്നും സമാധാനപരമായ ഈ മാർച്ചിന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് തിരംഗ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

