കർണാടകയിലെ ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്നത് കഞ്ചാവ്!
text_fieldsബംഗളൂരു: സംസ്ഥാനത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കെ വടക്കൻ കർണാടകയിലെ ചില ക്ഷേത്രങ്ങളിൽ വിശേഷാവസരങ്ങളിൽ കഞ്ചാവ് പ്രസാദമായി നൽകുന്നത് വാർത്തയായി. യാദ്ഗിർ ജില്ലയിലെ മൗനേശ്വര ക്ഷേത്രത്തിൽ ജനുവരിയിൽ നടക്കുന്ന വാർഷികോത്സവത്തിൽ എത്തുന്നവർക്ക് പ്രസാദമായി കഞ്ചാവാണ് നൽകുന്നത്. മൗനേശ്വരനെ പ്രാർഥിച്ചശേഷം കഞ്ചാവ് പ്രസാദം വലിച്ചോ പുകയില പോലെ കഴിച്ചോ ഭക്തർക്ക് ജ്ഞാനോദയം നേടാമെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഭക്തരെ ആത്മീയജ്ഞാനത്തിലേക്ക് നയക്കുന്ന ദിവ്യ ഒൗഷധമായാണ് കഞ്ചാവിനെ ഇവർ കണക്കാക്കുന്നത്.
ലഹരിക്കുള്ള ഉപാധിയായല്ല പ്രസാദം നൽകുന്നതെന്നും പുറത്ത് വിൽപന നടത്താറില്ലെന്നും വാർഷികോത്സവത്തിന് മാത്രമാണ് ഈ ചടങ്ങുള്ളതെന്നും ക്ഷേത്ര കമ്മിറ്റി അംഗമായ ഗംഗാധർ നായിക് പറയുന്നു. പ്രസാദമായി നൽകുന്ന അൽപം കഞ്ചാവ് ചിലർ കത്തിച്ച് വലിക്കുമെന്നും മറ്റുചിലർ പുകയില പോലെ തിന്നുമെന്നും അദ്ദേഹം പറഞ്ഞു. റായ്ച്ചൂരിലെയും യാദ്ഗിറിലെയും മറ്റു ക്ഷേത്രങ്ങളിലും കഞ്ചാവ് പ്രസാദമായി നൽകുന്നുണ്ട്. ഇത്തരം ക്ഷേത്രങ്ങളിൽ ചെറുപാക്കറ്റുകളിലായാണ് കഞ്ചാവ് പ്രസാദമായി നൽകുന്നത്. അതേസമയം, ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കഞ്ചാവ് പ്രസാദമായി നൽകുന്നതിനെക്കുറിച്ച് വിവരമില്ലെന്നാണ് പൊലീസ് പറയുന്നത്.