പരപ്പന അഗ്രഹാര ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടി.വിയും ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മൂന്നുപേർക്ക് സസ്പെൻഷൻ
text_fieldsബംഗളൂരു: ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെയും ടി.വി കാണുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത്. തടവുകാർ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോം ടെലിവിഷനിലൂടെ ആസ്വദിക്കുന്നതാണ് വിഡിയോയിൽ. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തെക്കുറിച്ച് തടവുകാർ സംസാരിക്കുന്നതും വിഡിയോയിലുണ്ട്.
ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടരവർഷത്തിലേറെയായി ജയിലിൽ കഴിയുന്ന തടവുകാരാണ് മാർച്ച് 27ന് വിഡിയോ റെക്കോഡ് ചെയ്തതെന്നാണ് സൂചന. ജയിലിന് പുറത്തുള്ള ബന്ധുക്കൾക്ക് രഹസ്യമായി അയച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തെത്തുടർന്ന് വീഡിയോയിൽ കാണുന്ന മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ജയിലിലെ മൂന്ന് വാർഡൻമാരെ സസ്‌പെൻഡ് ചെയ്തു. ശിവാനന്ദ് കരലബട്ടി, നിരഞ്ജൻ എ കാമത്ത്, ഹനുമന്തപ്പ ഹഡപാദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
പതിവ് പരിശോധനകളിൽനിന്ന് രക്ഷപ്പെടുന്നതിനായി ടോയ്‍ലറ്റ് ബ്ലോക്കിന് സമീപത്തെ ഭൂഗർഭ പൈപ് ലൈനിലാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോൺ സൂക്ഷിച്ചിരുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ ജയിൽ ജീവനക്കാർ ഉൾപ്പെടെ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. അതേസമയം ജയിലുകൾക്കുള്ളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വീഡിയോ പ്രത്യക്ഷപ്പെട്ടതിലൂടെ ഈ ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

