മട്ടനെന്ന് പറഞ്ഞ് ബീഫ് വിതരണം: ബംഗളൂരുവിൽ ഹോട്ടൽ അടച്ചു പൂട്ടി; രണ്ട് മലയാളികൾ അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരുവിനു സമീപം മട്ടൻ വിഭവങ്ങൾ എന്ന പേരിൽ ബീഫ് വിതരണം ചെയ്ത ഹോട്ടൽ അധികൃതർ അടച്ചു പൂട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരു ബൊമ്മനഹള്ളിയിലെ സ്വകാര്യ ഹോട്ടലാണ് അധികൃതർ അടച്ചു പൂട്ടിയത്. ബുദിഗെരെ ക്രോസിന് സമീപമുള്ള ഇസിരി ഹബിലാണ് ഈ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 18 മാസമായി ഈ സ്ഥാപനം ബംഗളൂരുവിൽ പ്രവർത്തിച്ച് വരുന്നുണ്ട്.
ഹോട്ടലിൽ നിന്ന് മട്ടൻ ഭക്ഷണം കഴിക്കാനെത്തിയ ചില ഉപഭോക്താക്കൾക്ക് ലഭിച്ച മാംസത്തിന്റെ ഗുണനിലവാരത്തിൽ സംശയം തോന്നി. തുടർന്ന് ഇവർ ഹോട്ടൽ ജീവനക്കാരോട് ഇതിനെക്കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ശേഷം ഉപഭോക്താക്കൾ അവലഹള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മട്ടനെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് നൽകിയത് ബീഫാണെന്ന് കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ഉടൻ തന്നെ ഹോട്ടൽ സീൽ ചെയ്ത് അടച്ചു പൂട്ടി.
സംഭവത്തിൽ മലയാളികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നാൽ മാത്രമേ മാംസം ഏത് മൃഗത്തിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അവലഹള്ളി പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

