പട്ടാപ്പകൽ നടുറോഡിൽ യുവാവ് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
text_fieldsബംഗളൂരു: പട്ടാപ്പകൽ നടുറോഡിൽ യുവാവ് യുവതിയെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി മൊരാബ സ്വദേശിനിയായ 21കാരിക്കാണ് വെട്ടേറ്റത്. തലക്കുപിന്നിലും പുറത്തുമായി നിരവധി വെട്ടേറ്റ യുവതി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ ധാർവാഡ് രാമപുരയിൽ ഒാട്ടോറിക്ഷ ഡ്രൈവറായ ഇസ്മയിലിനെ (25) ഹുബ്ബള്ളി സബർബൻ പൊലീസ് അറസ്റ്റ് ചെയ്തു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി ദേശ് പാണ്ഡെ നഗറിൽ തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ജ്വല്ലറിയിൽ ജോലി ചെയ്യുന്ന യുവതി സ്ഥാപനത്തിലേക്ക് പോകുന്നവഴിയിൽ ഇസ്മയിൽ തടഞ്ഞുനിർത്തി വടിവാളുകൊണ്ട് ആക്രമിക്കുകയായിരുന്നു. നിരവധി പേർ നോക്കിനിൽക്കെയായിരുന്നു ആക്രമണം.
യുവതിയെ ആക്രമിച്ചശേഷം രക്ഷപ്പെട്ട ഇസ്മയിലിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിൽ നേരേത്ത അടുപ്പത്തിലായിരുന്നുവെന്നും സമീപകാലത്ത് യുവാവുമായി പിരിഞ്ഞ യുവതി മറ്റൊരാളുമായി അടുപ്പത്തിലായെന്നും ഇതാകാം പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ പരിക്ക് ഭേദമായശേഷം മൊഴിയെടുക്കുമെന്നും ഇതിനുശേഷേമ ആക്രമണത്തിന്‍റെ യഥാർഥ വിവരം അറിയാനാകൂവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.കെ. ഹൊളിയന്നവർ പറഞ്ഞു.

