ബംഗളൂരു: സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണം ഉയരുന്നു. പുതുതായി ഏഴുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ അഞ്ചുപേർ ബംഗളൂരുവിലും ഒരാൾ രാമനഗരയിലും ഒരാൾ ബിദറിലും ചികിത്സയിലായിരുന്നു. ഇതോടെ ആകെ മരണസംഖ്യ 94 ആയി ഉയർന്നു. ബംഗളൂരുവിൽ 72 കാരനും 60 കാരനും 65 കാരിയും 85 കാരിയും 86 കാരിയുമാണ് മരിച്ചത്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സ തേടി അധികം വൈകാതെ രോഗം മൂർച്ഛിച്ച് മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അഞ്ചുപേരുടെയും മരണം സംഭവിച്ചത്. രാമനഗരയിൽ കോവിഡ് ബാധിച്ച് 48കാരനും ബിദറിൽ 49കാരനും മരിച്ചു.
സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സ തേടാൻ വൈകുന്നത് മരണസംഖ്യ ഉയരാൻ കാരണമാകുകയാണ്. മരിച്ച ഭൂരിഭാഗം പേരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സ തേടിയത്. സംസ്ഥാനത്ത് പുതുതായി 317 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,530 ആയി ഉയർന്നു. 322 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 4,456 ആയി. നിലവിൽ 2,976 പേരാണ് ചികിത്സയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ച 317 പേരിൽ 108 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 78 പേർ വിദേശത്തുനിന്നും എത്തിയവരാണ്.
ദക്ഷിണ കന്നട (79), കലബുറഗി(63), ബെള്ളാരി (53),ബംഗളൂരു അർബൻ (47) എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ധാർവാഡ് (8), ഉഡുപ്പി (7), ശിവമൊഗ്ഗ (7), യാദ്ഗിർ (6), റായ്ച്ചൂർ (6), ഉത്തര കന്നട (6), ഹാസൻ (5), വിജയപുര (4), മൈസൂരു (4), ഗദഗ് (4), രാമനഗര (4), ചിക്കമഗളൂരു (4), കൊപ്പാൽ (4), ബെളഗാവി (3), ബിദർ (2), തുമകുരു (1) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 47 പേരിൽ ഒമ്പതുപേർക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. കേരളത്തിൽനിന്നും തിരിച്ചെത്തിയ 28കാരനും ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചു. 13 പേർക്ക് സമ്പർക്കം വഴിയും ഇതര സംസ്ഥാനത്തുനിന്നെത്തിയ അഞ്ചുപേർക്കും ഹാസനിൽനിന്നെത്തിയ ഒരാൾക്കും ഇൻഫ്ലുവൻസ ബാധിതരായ 14 പേർക്കും ശ്വാസകോശ അസുഖമുള്ള അഞ്ചു പേർക്കുമാണ് ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചത്.