ബംഗളൂരു സംഘർഷം: കള്ളക്കേസുകൾ പിൻവലിക്കാൻ കർണാടക, എതിർപ്പുമായി ബി.ജെ.പി
text_fieldsബംഗളൂരു: ബംഗളൂരുവിലെ ഉൾപ്പെടെ കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ 2020ലുണ്ടായ സംഘർഷങ്ങളിലും പ്രതിഷേധങ്ങളിലും നിരപരാധികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കാനുള്ള നടപടികളുമായി കർണാടകയിലെ കോൺഗ്രസ് സർക്കാർ. ബംഗളൂരുവിലെ ഡി.ജെ ഹള്ളി, കെ.ജി ഹള്ളി എന്നിവിടങ്ങളിലും ശിവമൊഗ്ഗ, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിലും ഉണ്ടായ വിവിധ അക്രമസംഭവങ്ങളിൽ നിരവധി യുവാക്കൾക്കെതിരെയും വിദ്യാർഥികൾെക്കതിരെയും അന്നത്തെ ബി.ജെ.പി സർക്കാർ കള്ളക്കേസ് ചുമത്തിയിട്ടുണ്ട്. ഇവരിൽ പലരും ജയിലിലാണ്.
ഇവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്ന് മുൻമന്ത്രിയും നരസിംഹരാജ മണ്ഡലം എം.എൽ.എയുമായ തൻവീർ സേഠ് ആണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യം പരിശോധിക്കാൻ ആഭ്യന്തരമന്ത്രി ജി. പരമേശ്വര ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ജയിൽ-സിവിൽ ഡിഫൻസ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് പ്രത്യേക നിർദേശം നൽകിയത്. ആവശ്യമായ പരിശോധന നടത്തിയും നിയമം പാലിച്ചും മാത്രമേ നടപടികൾ സ്വീകരിക്കൂവെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
2020 ആഗസ്റ്റിലാണ് ബംഗളൂരുവിലെ ഡി.ജെ ഹള്ളിയിലും കെ.ജി ഹള്ളിയിലും അക്രമങ്ങൾ നടന്നത്. മുഹമ്മദ് നബിയെപ്പറ്റി അന്നത്തെ പുലികേശിനഗർ മണ്ഡലം കോൺഗ്രസ് എം.എൽ.എ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു സമൂഹമാധ്യമങ്ങളിൽ നടത്തിയ മോശം പരാമർശത്തെതുടർന്നായിരുന്നു സംഘർഷം.
മൂന്നുപേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എം.എൽ.എയുടെ വീടും കെ.ജി ഹള്ളി പൊലീസ് സ്റ്റേഷനും ആക്രമിക്കപ്പെട്ടു. ബി.ജെ.പി സർക്കാറിന്റെ കാലത്ത് ശിവമൊഗ്ഗ, ഹുബ്ബള്ളി, മറ്റ് ചില സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധപരിപാടികൾ അക്രമാസക്തമാവുകയും വർഗീയ സംഘർഷങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിൽ നൂറുകണക്കിന് ന്യൂനപക്ഷവിഭാഗക്കാർക്കെതിരെയാണ് കള്ളക്കേസ് ചുമത്തപ്പെട്ടത്.
അതേസമയം, ഒരു സമുദായത്തിലെ കുറ്റവാളികൾക്ക് ക്ലീൻചിറ്റ് നൽകുന്നതിലൂടെ കോൺഗ്രസ് സർക്കാറിന്റെ ജിഹാദി, പി.എഫ്.ഐ സ്വഭാവമാണ് പുറത്തുവരുന്നതെന്നും ജിഹാദി സർക്കാറിന്റെ എല്ലാ ഹിന്ദുവിരുദ്ധ നയങ്ങൾക്കെതിരെയുമുള്ള പോരാട്ടം തുടരുമെന്നും ബി.ജെ.പി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

