ലക്ഷ്യമിട്ടത് പണം; ആസൂത്രണം ചെയ്തത് ഉറ്റ സുഹൃത്ത്
text_fieldsബംഗളൂരു: ബംഗളൂരുവിൽ മലയാളിയുടെ മകനെ പണത്തിനായി തട്ടിക്കൊണ്ടുപോയ സംഭവം ആസൂത്രണം ചെയ്തത് ഉറ്റ സുഹൃത്തെന്ന് പൊലീസ്. ശരത്തുമായും കുടുംബവുമായും നല്ല ബന്ധത്തിലായിരുന്ന വിശാൽ ആണ് സംഭവത്തിെൻറ സൂത്രധാരൻ. ശരത്തിെൻറ മൂത്ത സഹോദരിയുടെ സഹപാഠി കൂടിയാണ് ഇയാൾ.
നാലു ലക്ഷം രൂപ കടമുണ്ടായിരുന്ന വിശാൽ ഇത് സംഘടിപ്പിക്കാനായാണ് തെൻറ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്.
ഇതിനായി ശരത്തിെൻറ നീക്കങ്ങൾ ഇയാൾ നിരീക്ഷിച്ചിരുന്നു. തെൻറ പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാനും മധുരം വാങ്ങിക്കാനുമായാണ് സെപ്റ്റംബർ 12ന് വൈകുന്നേരം ശരത്ത് വീട്ടിൽനിന്നിറങ്ങുന്നത്. പിന്നീട് ശരത്തിനെ വീട്ടുകാർക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ശരത്ത് കാറിലിരുന്ന് അയച്ച നിലയിലുള്ള രണ്ടു വിഡിയോ സന്ദേശങ്ങളാണ് രാത്രി പത്തോടെ വീട്ടുകാർക്ക് ലഭിച്ചത്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള വിഡിയോ സന്ദേശത്തിൽ പൊലീസിനെ വിവരമറിയിക്കരുതെന്നും അത് തനിക്കും കുടുംബത്തിനും അപകടം വരുത്തുമെന്നും സൂചിപ്പിച്ചിരുന്നു.
ഇൗ സന്ദേശം ലഭിച്ച ശേഷം ശരത്തിെൻറ സഹോദരിയെ വിശാൽ ഫോണിൽ ബന്ധപ്പെട്ടു. വീട്ടുകാരുടെ നീക്കങ്ങൾ അറിയാനായിരുന്നു ഇത്. വീട്ടുകാർ പൊലീസിൽ പരാതി നൽകാൻ പോയതായി സഹോദരി അറിയിച്ചതോടെ ഭയചകിതരായ വിശാലും സംഘവും തെളിവ് നശിപ്പിക്കാൻ ശരത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ടി. സുനീൽ കുമാർ പറഞ്ഞു. മൃതദേഹം ഉപേക്ഷിക്കാൻ രാത്രി മുഴുവൻ കാറിൽ കറങ്ങി. ഒടുവിൽ തടാകത്തിൽ കല്ലുകെട്ടി തള്ളുകയായിരുന്നു.
കേസ് അന്വേഷണത്തിനായി നിയോഗിച്ച ആറംഗ സംഘം, മൊബൈൽഫോൺ സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ പരിചയക്കാരാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. വ്യാഴാഴ്ച രാത്രി വിശാലിനെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയുടെ ചുരുളഴിഞ്ഞത്. ശരത്തിെൻറ സുഹൃത്തായിരുന്ന വിശാലിനെ ഒരു തരത്തിലും ബന്ധുക്കൾ സംശയിച്ചിരുന്നില്ലെന്നും പിറ്റേദിവസങ്ങളിൽ അന്വേഷണത്തിെൻറ വിവരങ്ങളറിയാൻ ഇയാൾ ശരത്തിെൻറ വീട്ടിലെത്തിയിരുന്നെന്നും കമീഷണർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
